
മാവേലിക്കര: കുറത്തികാട് ജറുസലേം മാർത്തോമാ പള്ളി വികാരിയായിരുന്ന രാജി ഈപ്പനെ പള്ളികമ്മിറ്റിക്കിടെ പെട്രോളൊഴിച്ച് തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ തെക്കേക്കര വടക്കേമങ്കുഴി തുണ്ടിൽതറയിൽ സോണിവില്ലയിൽ തോമസിനെ (മോഹനൻ-59) രണ്ടു വർഷവും ഒരുമാസവും തടവിന് ശിക്ഷിച്ച് മാവേലിക്കര അസി.സെഷൻസ് കോടതി ജഡ്ജി എഫ്.മിനിമോൾ ഉത്തരവിട്ടു.
2016 മേയ് 6ന് വൈകിട്ട് 4ന്ണ് പളളികമ്മിറ്റി നടക്കുന്നതിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കമ്മിറ്റിക്കിടെ കയറിവന്ന തോമസ് തന്നെ കമ്മിറ്റിക്ക് വിളിക്കുന്നില്ലെന്നും അവഗണിക്കുന്നുവെന്നും പറഞ്ഞ് തർക്കമുണ്ടാക്കി. വികാരി രാജി ഈപ്പൻ ഇത്തരം വിഷയങ്ങൾ പള്ളികമ്മിറ്റിക്ക് ശേഷം സംസാരിക്കാമെന്ന് പറഞ്ഞ് തോമസിനെ വിലക്കിയതാണ് പ്രകോപനത്തിന് കാരണമായത്. ഇയാൾ പ്ലാസ്റ്റിക് കവറിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി തുറന്ന് വികാരിയെ കടന്നു പിടിച്ച് വസ്ത്രത്തിലും ശരീരത്തിലും ഒഴിക്കുകയായിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ച തോമസിനെ തട്ടിമാറ്റി രാജി ഈപ്പൻ തൊട്ടടുത്തുള്ള പാഴ്സനേജിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ കുറത്തികാട് പൊലീസാണ് കേസെടുത്തത്. 9 സാക്ഷികളുണ്ടായിരുന്ന കേസിൽ 8 പേരെ വിസ്തരിച്ചു. ദൃക്സാക്ഷികളിൽ ഒരാൾ വിചാരണ വേളയിൽ മരിച്ചു. രണ്ടു പേർ കൂറുമാറി. ഒരു ദൃക്സാക്ഷിയുടെ മൊഴി കേസിൽ നിർണായകമായി. പ്രോസിക്യൂഷന് വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടർ ഇ.നാസറുദ്ദീൻ ഹാജരായി.