പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ആർക്ക് - എഫ് പദ്ധതിയ്ക്ക് രൂപരേഖയായി. അക്വാ ടൂറിസത്തിനും , മാലിന്യ സംസ്കരണത്തിനും, തീരദേശ പുനരുജീവനത്തിനും , വെള്ളപ്പൊക്ക നിയന്ത്രണത്തിനും ലക്ഷ്യമിടുന്ന സമഗ്ര പദ്ധതിയാണ് ആർക്ക് എഫ്.
മഴക്കാല,വേലിയേറ്റ കെടുതികൾ മറികടക്കുക , തൊഴിലുറപ്പിലൂടെ കൂടുതൽ പേർക്ക് തൊഴിലവസരം സൃഷ്ടിയ്ക്കുക, മാലിന്യ രഹിത ബ്ലോക്ക് , ടൂറിസവികസന പദ്ധതികൾ തുടങ്ങിയവയാണ് ലക്ഷ്യം. പദ്ധതികൾക്ക് ജില്ലാ പഞ്ചായത്തും, അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി , തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം ഗ്രാമപഞ്ചായത്തുകളും പണം വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ തുടർ പ്രവർത്തനത്തിനായി മന്ത്രി ഡോ.തോമസ് ഐസക്ക് പ്രഖ്യപിച്ചനൂറ് കോടി രൂപ അനുവദിച്ചു . പദ്ധതി പൂർത്തിയാകുന്നതോടെ തീരദേശത്ത് താമസിക്കുന്നവർക്ക് വെള്ളക്കെടുതിയിൽ നിന്ന് വലിയ ആശ്വാസമാകും. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി.എം.പ്രമോദ് അദ്ധ്യക്ഷനായി. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ശശിധരൻ നായർ പദ്ധതി വിശദ്ധീകരിച്ചു. ബി.ഡി.ഒ എ.ബിജു, വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദൻ ,എൻ.ആർ.ഇ. ജി ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ കെ.കെ.ഷാജു, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ രാജേഷ്, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫിസർ ജയകുമാരി, ഹാർബർ എൻജനിയറിംംഗ് എക്സിക്യുട്ടീവ് എൻജിനിയർ എം. പി.സുനിൽ എന്നിവർ പങ്കെടുത്തു.