
ആലപ്പുഴ: അഫ്ഗാനിസ്ഥാനിലെ അൽക്വയ്ദ കേന്ദ്രങ്ങൾ റെയ്ഡ് ചെയ്ത് ബിൻ ലാദനെ കീഴ്‌പ്പെടുത്താൻ അമേരിക്കൻ സൈന്യത്തിന് വഴികാട്ടികളായ ബെൽജിയൻ ട്രാക്കർ നായ്ക്കളുടെ ഗണത്തിൽപ്പെടുന്ന ജൂഡി ജില്ലാ പൊലീസിന്റെ കെ 9 സ്ക്വാഡിൽ ഇനി സ്ഥിരാംഗം. ട്രാക്കർ ട്രേഡിൽ പരിശീലനം പൂർത്തിയാക്കിയ നായയാണ് ഒരു വയസുകാരി ജൂഡി. പഞ്ചാബ് പൊലീസിന്റെ ഹോം ഗാർഡ്, കനൈൻ ട്രയിനിംഗ് ആൻഡ് ബ്രീഡിംഗ് സെന്ററിൽ ജനിച്ച് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് കേരളത്തിൽ എത്തിച്ചത്.
സബ് ഇൻസ്‌പെക്ടർ ബിജുരാജിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ കെ 9 സ്‌ക്വാഡിൽ, സി.പി.ഒ മാരായ തോമസ് ആന്റണിയുടെയും പ്രശാന്ത് ലാലിന്റെയും കീഴിൽ പരിശീലനവും ലഭിച്ചു. പരിശീലന കാലയളവിലെ ഏറ്റവും മികച്ച പ്രകടനത്തിന് മുഖ്യമന്ത്രിയിൽ നിന്നു സിൽവർ മെഡൽ കരസ്ഥമാക്കി. ജില്ലയിൽ ആദ്യമായാണ് ബെൽജിയം മലിനോയിസ് വിഭാഗത്തിൽപ്പെട്ട നായ എത്തുന്നത്. കുറ്റാന്വേഷണ രംഗത്ത് ജൂലിയെ നന്നായി ഉപയോഗപ്പെടുത്താനാകുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് പറഞ്ഞു.
സ്‌ഫോടകവസ്തുക്കൾ, ലഹരി വസ്തുക്കൾ എന്നിവ കണ്ടെത്താനും മോഷണം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിയിക്കാനും ബെൽജിയം നായ്ക്കൾ പൊലീസിന് സഹായകരമാവും. വിവിധ രാജ്യങ്ങളിലെ ശ്വാന സേനയിൽ മുന്തിയ പ്രഥമ പരിഗണനയാണ് ഇവയ്ക്കുള്ളത്.
ബുദ്ധികൂർമ്മതയും സാഹചര്യങ്ങളോടു പെട്ടെന്ന് പ്രതികരിക്കാനുള്ള കഴിവും നിരീക്ഷണപാടവവും ഉടമസ്ഥരോടുമാത്രമുള്ള ആത്മാർത്ഥതയും ഈ നായ്ക്കളുടെ പ്രത്യേകതയാണ്.