
മാരാരിക്കുളം: വഴിത്തർക്കത്തെ തുടർന്ന് ഗൃഹനാഥൻ കുത്തേറ്റു മരിച്ച സംഭവത്തിൽ അയൽവാസിയായ ഗൃഹനാഥനെയും ഭാര്യയെയും മകളെയും കോടതി റിമാൻഡ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് പനയ്ക്കൽ പട്ടാട്ടുചിറയിൽ ലോകേശൻ (59), ഭാര്യ അജിതകുമാരി (47), മകൾ അരുന്ധതി (22) എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ലോകേശനെ ആലപ്പുഴ സബ് ജയിലിലേക്കും അജിതകുമാരിയേയും അരുന്ധതിയേയും തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിലേക്കുമാണ് അയച്ചത്. പട്ടാട്ടുചിറയിൽ കുഞ്ഞുമോന്റെ (കുട്ടച്ചൻ-48) കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവർ പിടിയിലായത്. കുഞ്ഞുമോന്റെ സംസ്കാരം കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നലെ വീട്ടുവളപ്പിൽ നടന്നു. കഴിഞ്ഞ 21ന് രാത്രിയാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ കുഞ്ഞുമോനുമായി വാക്കുതർക്കമുണ്ടാകുകയും കുഞ്ഞുമോന്റെ വീടിനു മുന്നിലെത്തിയ ലോകേശൻ വയറ്റിൽ കുത്തുകയുമായിരുന്നെന്നാണ് മൊഴി. ബഹളം കേട്ടെത്തിയ, കുഞ്ഞുമോന്റെ ഭാര്യ ബിന്ദു (45), നയന (19) എന്നിവരെ അജിതകുമാരിയും അരുന്ധതിയും ഇരുമ്പു വടിക്ക് അടിച്ചു. സാരമായി പരിക്കേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വഴിത്തർക്കവുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും തമ്മിൽ വർഷങ്ങളായി തർക്കമുണ്ടെന്ന് സി.ഐ രവി സന്തോഷ് പറഞ്ഞു.