
യുവാക്കളുടെ ജീവനെടുത്ത് സൂപ്പർ ബൈക്കുകൾ
ആലപ്പുഴ: ന്യൂജെൻ യുവാക്കളുടെ ആയുസിന് അടിവരയിടുന്ന സൂപ്പർ ബൈക്കുകൾ മൂലമുള്ള അപകടങ്ങൾ പ്രതിദിനം നടന്നിട്ടും ഇടപെടാനാവാതെ പൊലീസും മോട്ടോർ വാഹന വകുപ്പും. രൂപത്തിലും കരുത്തിലും യുവാക്കളെ ആകർഷിക്കും വിധം കമ്പനികൾ കളത്തിലിറക്കിയിട്ടുള്ള ഇത്തരം ബൈക്കുകൾ മൂലം മാതാപിതാക്കളുടെ കൺമുന്നിൽ ആൺമക്കളുടെ ചിത ആളിക്കത്തുകയാണ്. സെക്കൻഡുകൾ കൊണ്ട് 100 കിലോമീറ്റർ വേഗത്തിലെത്താൻ ശേഷിയുള്ള ബൈക്കുകളാണ് ഇവയിലേറെയും. സ്പോർട്സ് ബൈക്കുകൾ 250 സി.സിക്ക് മുകളിലുണ്ടാവും. സാധാരണ ബൈക്കുകൾ ഓടിച്ചു ശീലിച്ചവർക്ക് സൂപ്പർ ബൈക്കുകൾ അത്ര പെട്ടന്ന് വഴങ്ങില്ല.
റോഡിൽ മിന്നലാവുന്ന ഇവ ഓടിക്കുന്ന യുവാക്കൾക്ക് മാത്രമല്ല, വഴിയാത്രക്കാർക്കും ഭീഷണി ഉയർത്തുന്നു. ഇടറോഡുകളിൽ നടത്തുന്ന പ്രകടനങ്ങൾ പലപ്പോഴും ജീവൻ നഷ്ടപ്പെടുന്ന അപകടങ്ങളിലേക്ക് വഴിവെയ്ക്കുകയാണ്. കരുത്ത് കൂടുതലുള്ള സ്പോർട്സ് ബൈക്കുകൾ എങ്ങനെയാണ് ഓടിക്കേണ്ടതെന്നു പോലും അറിയാതെയാണ് യുവാക്കൾ ഇതുമായി റോഡിലേക്ക് ഇറങ്ങുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിന്റെ വേഗനിയന്ത്രണങ്ങളെക്കുറിച്ചു ഭൂരിഭാഗം പേർക്കും അറിയില്ല. അതിനാൽ അപകടങ്ങളും വർദ്ധിക്കുകയാണ്.
18 മുതൽ 30 വയസ് വരെയുള്ള യുവാക്കൾക്കിടയിലാണ് കൊലവിളി ബൈക്കുകൾ ട്രെൻഡാകുന്നത്. സ്ഥിരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും ഇവയുടെ ആവശ്യക്കാർക്ക് കുറവില്ല. സ്ഥലം വിറ്റ പണം കൊണ്ട് ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര ബൈക്ക് മക്കളുടെ നിർബന്ധത്തിന് വഴങ്ങി വാങ്ങി നൽകിയ രക്ഷിതാക്കളുണ്ട് ജില്ലയിൽ. ബൈക്ക് ഓടിക്കുന്ന ആൾക്കും പിൻസീറ്റ് യാത്രക്കാരനും കൃത്യമായി ബാലൻസ് ചെയ്തിരിക്കാൻ അത്യാവശ്യം 'അഭ്യാസം' അറിഞ്ഞിരിക്കണം. വേഗത്തിലെത്തുന്ന ബൈക്ക്, റോഡിലെ ഹമ്പിൽ കയറിയാൽ പോലും ബാലൻസ് തെറ്റി പിൻസീറ്റ് യാത്രികൻ തെറിച്ചു വീഴും. സ്ത്രീകൾക്ക് ഇരിക്കാനുള്ള യാതൊരും സൗകര്യവും ഇത്തരം ബൈക്കുകളിലില്ല.
ലുക്കിലാണ് ദുരന്തം
ബൈക്ക് ഓടിക്കുമ്പോഴുള്ള ലുക്കിൽ പിന്നിലാകാൻ താത്പര്യമില്ലാത്തവരാണ് ആഡംബര ബൈക്കുകൾക്ക് പിന്നാലെ പോകുന്നവരിലേറെയും. 200 സി.സിക്ക് മുകളിലുള്ള വാഹനങ്ങളെയാണ് സൂപ്പർ ബൈക്കുകളായി വിശേഷിപ്പിക്കുന്നത്. മൂന്ന് ലക്ഷം മുതൽ മുപ്പത് ലക്ഷം രൂപ വരെ വില മതിക്കുന്നവയുണ്ട്. സൂപ്പർ ബൈക്കുകൾ വരുത്തിവെയ്ക്കുന്ന അപകടങ്ങളുടെ കൃത്യമായ കണക്ക് അധികൃതരുടെ കൈവശമില്ല.
വേണം പരിശീലനം
സൂപ്പർ ബൈക്ക് സ്വന്തമാക്കിയ ആവേശത്തിൽ ആദ്യമായി പറക്കുന്നവരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. എന്നാൽ കൃത്യമായ പരിശീലനം ലഭിക്കാതെ ഇത്തരം വാഹനങ്ങൾ നിരത്തിലറക്കാൻ അനുവദിക്കരുതെന്ന ആവശ്യം ഉയരുൃന്നുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ സൂപ്പർ ബൈക്കുകളുടെ ഉടമകൾക്ക് ക്ലാസും പരിശീലനവും നൽകിയാൽ വലിയൊരു പരിധിവരെ അപകടങ്ങൾക്ക് കൂച്ചുവിലങ്ങിടാമെന്നും അഭിപ്രായമുണ്ട്.
..........................
സൂപ്പർ ബൈക്കുകൾ സ്വന്തമാക്കുന്ന യുവാക്കളിൽ 95 ശതമാനം പേരും അപകടത്തിനിരയാകുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം പേർക്കും ജീവൻ നഷ്ടമാകുന്നുമുണ്ട്. കൃത്യമായ പരിശീലനമില്ലാത്തവർ ഇത്തരം വാഹനങ്ങൾ നിരത്തിലിറക്കരുത്
മോട്ടോർ വാഹനവകുപ്പ് അധികൃതർ