
കർഷകരെ ചൂഷണം ചെയ്യാൻ മില്ലുകാരുടെ തന്ത്രം കിഴിവ്
ആലപ്പുഴ : പുഞ്ചകൃഷിയുടെ നെല്ല് സംഭരണത്തിൽ മില്ലുകാർ കർഷകരെ ചൂഷണം ചെയ്യുന്നതായി പരാതി. നൂറു കിലോ നെല്ല് സംഭരിക്കുമ്പോൾ എട്ടു മുതൽ 11 കിലോ വരെ കിഴിവ് നൽകണമെന്നാണ് സപ്‌ളൈകോ സംഭരണത്തിനായി നിയോഗിച്ച മില്ലുകാരുടെ ആവശ്യം. ഈർപ്പം, കറവൽ എന്നിവയുടെ പേരിലാണ് മില്ലുകാർ കിഴിവ് ആവശ്യപ്പെടുന്നത്.കഴിഞ്ഞ രണ്ടാം കൃഷിയിൽ ഏഴ് കിലോവരെ കിഴിവിലാണ് നെല്ല് സംഭരിച്ചത്.
ആലപ്പുഴ ദേവസ്വംകരി പാടശേഖരത്തിൽ 11കിലോ കിഴിവാണ് മില്ലുകാർ ആവശ്യപ്പെട്ടത്. നെല്ലിൽ 11.5ശതമാനം ഡാമേജ് ഉണ്ടെന്നാണ് ഇവരുടെ വാദം. എന്നാൽ തൊട്ടടുത്ത പാടശേഖരങ്ങളിൽ 16ശതമാനം വരെ ഉപയോഗ ശ്യൂന്യമായ നെല്ല് ഒൻപത് കിലോ കിഴിവിലാണ് സംഭരിച്ചതെന്ന് ഈ പാടശേഖരത്തെ കർഷകർ പറയുന്നു.
ഈർപ്പം, കറവൽ എന്നിവ പരിശോധിക്കാൻ പാഡി ഉദ്യോഗസ്ഥരോ കൃഷി വകുപ്പ് അധികാരികളോ എത്താറില്ലെന്നാണ് കർഷകരുടെ ആരോപണം. എപ്പോൾ വേണമെങ്കിലും മഴ പെയ്ത് നെല്ല് നശിക്കാനുള്ള സാദ്ധ്യത ഭയന്ന് കിഴിവിലെ ചൂഷണം നോക്കാതെ കർഷകർ മില്ലുടമകളുടെ തീരുമാനത്തിന് വഴങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ചെറിയ മഴ കർഷകരുടെ ആശങ്ക വർദ്ധിപ്പിച്ചു. വെള്ളപ്പൊക്കം, ഉപ്പുവെള്ളം എന്നിവ അതിജീവിച്ച കർഷകർക്ക് ഇത്തവണ പ്രതീക്ഷിച്ച വിളവും ലഭിച്ചിട്ടില്ല. കരാർ പ്രകാരം മില്ലുടമകൾ 100കിലോ നെല്ലിന് 64.5കിലോ അരി കോർപ്പറേഷന് നൽകണം.
വിളവ് കുറഞ്ഞു
പുഞ്ചകൃഷിയിൽ വിളവ് കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. ചെടികൾ പൂത്തതു മുതൽ വിളവെടുപ്പു വരെ അനുഭവപ്പെട്ട ഓരുവെള്ള ശല്യം വിളവ് കുറയാൻ കാരണമായി. കഴിഞ്ഞ വർഷം 30ക്വിന്റൽ നെല്ല് ലഭിച്ചിടത്ത് 15മുതൽ 20വരെ ക്വിന്റലാണ് ഇത്തവണ ലഭിച്ചത്. കിലോയ്ക്ക് 28 രൂപയാണ് കർഷകർക്കു ലഭിക്കുന്നത്.
ഏജന്റുമാരുടെ നാടകം
കിഴിവ് നൽകിയില്ലെങ്കിൽ നെല്ല് സംഭരിക്കില്ലെന്ന ഭീഷണി വർഷങ്ങളായി മില്ലുകാർ മുഴക്കുന്നതാണ്. ഏജന്റുമാരെ ഉപയോഗിച്ചാണ് മില്ലുകാരുടെ നെല്ല് സംഭരണം. കൊയ്ത്തു കഴിഞ്ഞു നെല്ല് കളത്തിൽ കൂട്ടിക്കഴിയുമ്പോൾ ഏജന്റ് എത്തി നെല്ല് പരിശോധിച്ച ശേഷം കിഴിവ് ആവശ്യപ്പെടും. പല കർഷകരും മില്ലുകാരുടെ ഭീഷണിക്കു മുന്നിൽ വീഴും. കിഴിവ് കൊടുക്കില്ലെന്നു വാശി പിടിക്കുന്നവരുടെ നെല്ല് ഒഴിവാക്കിയാകും സംഭരണം. കിഴിവിന്റെ പേരിലുണ്ടാക്കുന്ന ലാഭം ആരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്ന് വ്യക്തമല്ല.
അദ്ധ്വാനത്തിന് പ്രതിഫലം നിശ്ചയിക്കുന്നത് ഇടനിലക്കാർ: കർഷകർ
കർഷകരുടെ അദ്ധ്വാനത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ഇടനിലക്കാരാണെന്ന അവസ്ഥ ദയനീയമാണെന്ന് ആലപ്പുഴ നഗരസഭയിലെ ദേവസ്വംകരി പാടശേഖര കൂട്ടായ്മ. രണ്ടാംകൃഷിക്കിടെ മടവീണ് നഷ്ടമുണ്ടായെങ്കിലും ഇതുവരെ നഷ്ടപരിഹാരമോ ഇൻഷ്വറൻസ് ആനുകൂല്യമോ ലഭിച്ചിട്ടില്ല. ആ നഷ്ടം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുഞ്ചക്കൃഷിയിൽ കൂടുതൽ കിഴിവ് ആവശ്യപ്പെട്ട് മില്ലുകാർ എത്തിയത്. മുമ്പ് പാഡി ഓഫീസർമാർ നേരിട്ടെത്തി എല്ലാ പാടശേഖരങ്ങളിലെയും സാമ്പിളുകൾ ശേഖരിച്ച്, നെല്ലും പതിരും വേർതിരിച്ച് പരിശോധിച്ചിക്കുന്നത് ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കുകയാണ് ചെയ്തിരുന്നത്. ഏജൻസി ഏതെങ്കിലും ഒരു കർഷകന്റെ പാടത്തു നിന്നു മാത്രം സാമ്പിളുകൾ ശേഖരിച്ച് മടങ്ങിയാൽ അപകടമാണ്. എടുക്കുന്ന സാമ്പിൾ മോശമാണെങ്കിൽ മൊത്തം കർഷകരുടെയും നെല്ല് മോശമാണെന്ന് വിലയിരുത്തി വില കുറയ്ക്കും. ഇത് അശാസ്ത്രീയമാണെന്ന് ദേവസ്വംകരി പാടശേഖരത്തെ കർഷകരായ തോമസ് ആന്റണി, സിബി ഫിലിപ്പ്, സാബു കന്നിട്ടയിൽ, ടിനു തോമസ്, ജോസഫ് ആന്റണി എന്നിവർ പറഞ്ഞു.