s

ആലപ്പുഴ: തെരുവുനായ ശല്യം രൂക്ഷമായ ആലപ്പുഴ നഗരത്തിൽ ഇതുവരെ 200 നായ്ക്കളെ വന്ധ്യംകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന എ.ബി.സി (ആനിമൽ ബെർത്ത് കൺട്രോൾ) പദ്ധതിയിലൂടെയാണിത് സാദ്ധ്യമായത്.

നി​രവധി​ പേർ തെരുവുനായകളുടെ ആക്രമണത്തി​നി​രയായതോടെയാണ് തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ എ.ബി.സി പദ്ധതി ഊർജിതമാക്കിയത്. എല്ലാ താലൂക്കുകളിലും തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രണ്ടി​ടങ്ങളി​ൽ മാത്രമാണ് പ്രാവർത്തികമായത്. കണിച്ചുകുളങ്ങരയിലും മാവേലിക്കരയിലും. കണിച്ചുകുളങ്ങരയിൽ 6 വെറ്ററിനറി ഡോക്ടർമാരുള്ളപ്പോൾ മാവേലിക്കരയിൽ രണ്ടുപേർ മാത്രമേയുള്ളൂ. കുടുംബശ്രീ യൂണിറ്റിലെ വനിതകളും പുരുഷൻമാരും ചേർന്നാണ് നായ്ക്കളെ പിടികൂടി വന്ധ്യംകരണ യൂണിറ്റിൽ എത്തിക്കുന്നത്.

95 നായ്ക്കളെ വന്ധ്യംകരിക്കുന്നതിന്റെ ചെലവിനുള്ള തുകയാണ് ഓരോ പദ്ധതിയിലും തദ്ദേശ ഭരണ സ്ഥാപനങ്ങൾ വകയിരുത്തുന്നത്. പിടികൂടുന്നവയെ വന്ധ്യംകരിച്ച് പിടികൂടിയ സ്ഥലത്ത് തിരികെ കൊണ്ടുവിടും. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോൾ കുടുംബശ്രീ മിഷൻ ഏറ്റെടുത്തത്. 2100 രൂപയാണ് ഒരു തെരുവുനായയുടെ വന്ധ്യംകരണത്തിന് കുടുംബശ്രീ അംഗങ്ങൾക്ക് പ്രതിഫലമായി നൽകുന്നത്. ഈ തുക ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഫണ്ടിൽ വകയിരുത്തും.

50 : തെരുവുനായ വന്ധ്യംകരണ പദ്ധതിക്ക് വേണ്ടി 50 ലക്ഷം രൂപയാണ് ആലപ്പുഴ നഗരസഭ ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

റിഫ്ലക്ടർ ബെൽറ്റ് ആലോചനയിൽ

വന്ധ്യംകരിക്കുന്ന നായ്ക്കളുടെ ചെവിയിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ 'വി' ഷേപ്പിൽ മുറിവുണ്ടാക്കിയാണ് നിലവിൽ ഇവയെ തിരിച്ചറിയുന്നത്. എന്നാൽ ഇതിന് പകരം നായ്ക്കളുടെ കഴുത്തിൽ റിഫ്ലക്ടർ ബെൽറ്റുകൾ അണിയിക്കുന്ന പദ്ധതി നഗരസഭയുടെ ആലോചനയിലാണ്. റോട്ടറി ക്ലബുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും. നായകൾക്ക് റിഫ്ലക്ടർ ബെൽറ്റുകൾ അണിയിക്കുന്നതോടെ ഇരുട്ട് സമയത്ത് ഇരുചക്ര വാഹനങ്ങൾക്ക് മുന്നിൽ നായകൾ ചാടിയുള്ള അപകടങ്ങൾക്ക് കുറവ് വരുമെന്നാണ് കണക്കുകൂട്ടൽ.

ദീർഘകാലം നീണ്ടുനിൽക്കുന്ന തുടർ പ്രക്രിയയായിട്ടാണ് എ.ബി.സി പദ്ധതി നടപ്പാക്കുന്നത്. നായ്ക്കളെ പിടിച്ചുകൊണ്ട് പോകുന്ന സ്ഥലത്ത് തന്നെ അവയെ തിരികെ കൊണ്ട് വിടും. ഭക്ഷണവും പരിപാലനവും ഉറപ്പുവരുത്തും

- പി.എസ്.എം.ഹുസൈൻ, നഗരസഭ വൈസ് ചെയർമാൻ