
ആലപ്പുഴ : ലൈഫ് ഭവന പദ്ധതിയിലുള്ള വീടുകൾക്ക് ഇനിമുതൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. പോളിസി സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിർവഹിച്ചു. ജില്ലയിൽ പൂർത്തിയായ 17,620 വീടുകൾക്കും ഇതിലൂടെ പരിരക്ഷ ലഭിക്കും. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പും യുണൈറ്റഡ് ഇൻഷ്വറൻസ് കമ്പനിയും കോ- ഇൻഷ്വറൻസ് വ്യവസ്ഥയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ മൂന്ന് വർഷത്തെ ഇൻഷ്വറൻസ് പ്രീമിയം സംസ്ഥാന സർക്കാർ ലൈഫ് മിഷൻ വഴി അടയ്ക്കും. പ്രകൃതി ക്ഷോഭങ്ങൾ, ലഹള, അക്രമം, റോഡ്-റെയിൽ വാഹനങ്ങൾ, മൃഗങ്ങൾ, മറ്റ് ദുരന്തങ്ങൾ തുടങ്ങിയവ മുഖേനയുണ്ടാകുന്ന നാശനഷ്ടങ്ങൾക്കാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക. ജനങ്ങൾക്ക് ഒരു വീട് പണിതുനൽകി പിന്മാറുകയല്ല, അവരുടെ വീടുകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ യു.വി.ജോസ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ ജി. മുരളീധരൻ, കേരള സ്റ്റേറ്റ് ഇന്‍ഷുറൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ.എസ്.കാർത്തികേയൻ എന്നിവർ പങ്കെടുത്തു.