അമ്പലപ്പുഴ: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പാൽ പെട്ടെന്ന് പിരിയാൻ സാദ്ധ്യതയുള്ളതിനാൽ വാങ്ങിയാലുടൻ തന്നെ ശീതീകരണ സംവിധാനത്തിലേക്കു മാറ്റണമെന്ന് പുന്നപ്ര മിൽമ ഡയറി മാനേജർ വി.എസ്. മുരുകൻ, മിൽമ മാർക്കറ്റിംഗ് സെൽ മാനേജർ ബി.സുരേഷ് കുമാർ എന്നിവർ അറിയിച്ചു. ശീതീകരണ സംവിധാനം ഇല്ലാത്തവർ തിളപ്പിച്ച് സൂക്ഷിക്കണം. യാതൊരു കാരണവശാലും അന്തരീക്ഷ ഊഷ്മാവിലോ വെള്ളത്തിലോ വച്ചേക്കരുത്. അന്തരീക്ഷ ഊഷ്മാവിൽ ഏറെ നേരം സൂക്ഷിച്ച ശേഷം ശീതീകരണ സംവിധാനത്തിലേക്കു മാറ്റിയാലും പാൽ കേടാകും. തുടർച്ചയായി 8 ഡിഗ്രിയിൽ താഴെ സൂക്ഷിച്ചാൽ മാത്രമേ നിശ്ചിത സമയം പാൽ കേടുകൂടാതെ ഇരിക്കുകയുള്ളു. ശീതീകരണ സംവിധാനത്തിൽ പാൽ സൂക്ഷിക്കുന്ന അംഗീകൃത ഏജൻസികളിൽ നിന്നു വാങ്ങാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.