ആലപ്പുഴ: എൽ.ഡി.എഫുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റിയിൽ എതിർത്ത സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ബീനാകുമാരിക്ക് എതിരെ അച്ചടക്ക നടപടിയെടുക്കാൻ സംസ്ഥാന സെന്റർ തീരുമാനിച്ചതായി സെക്രട്ടറി ആർ.പൊന്നപ്പൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

22ന് ആലപ്പുഴയിൽ ചേർന്ന 90 അംഗ സംസ്ഥാന കമ്മിറ്റിയിൽ 80 അംഗങ്ങൾ പങ്കെടുത്തു. ബീനാകുമാരി ഉൾപ്പെടെ മൂന്ന് അംഗങ്ങളാണ് തീരുമാനം കുറച്ച് ദിവസം കൂടി നീട്ടിവയ്ക്കണമെന്ന് അഭിപ്രായപ്പെട്ടത്. ഗൗരിഅമ്മയേയും ജെ.എസ്.എസിനെയും നിരന്തരമായി അപമാനിക്കുകയും ഗൗരിഅമ്മ നൽകിയ കത്തിന് വിലകല്പിക്കാതിരിക്കുകയും ചെയ്യന്ന സാഹചര്യത്തിൽ എൽ.ഡി.എഫിൽ തുടരുന്നത് പുനപരിശോധിക്കണമെന്നാണ് സംസ്ഥാന സെന്ററിന്റെ തീരുമാനം. പാർട്ടി തീരുമാനത്തെ പുറത്തിറങ്ങിയ ശേഷം തള്ളിപ്പറയുന്നത് അച്ചടക്ക ലംഘനമാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സഞ്ജീവ് സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ആർ.പൊന്നപ്പൻ, ബാലരാമപുരം സുരേന്ദ്രൻ,കാട്ടുകുളം സലിം, ഇടുക്കി ജയൻ, കൊല്ലം പ്രസാദ്, കെ.പി.സുരേഷ്, രാമപുരം കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.