ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവശനത്തി​നെതി​രെയുള്ള പ്രതി​ഷേധവുമായി​ ബന്ധപ്പെട്ടുണ്ടായ കേസുകൾ പിൻവലിച്ച സർക്കാർ തീരുമാനം അഭിനന്ദനാർഹമാണെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി​ നടേശൻ പറഞ്ഞു. ശബരി​മല വിഷയത്തെ വികാരപരമായി നേരിടാതെ വിവേകപൂർവമായി​ സമീപി​ക്കണമെന്നായിരുന്നു യോഗത്തിന്റെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് ആവശ്യത്തിനും അനാവശ്യത്തിനുമായി നിരവധികേസുകളെടുത്തു.കേസ് പിൻവലിക്കാൻ സർക്കാർ തയ്യാറായത് രാഷ്ട്രീയ മര്യാദയാണ്. ഹൈന്ദവ വിശ്വാസികളോട് സർക്കാർ നീതി കാട്ടിയത് നല്ലകാര്യം . ഇതിനെ രാഷ്ട്രീയ മുതലെടുപ്പായി ആക്ഷേപിക്കരുത്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ രാഷ്ട്രീയ കണ്ണോട് കൂടി കാണരുത്. എല്ലാം രാഷ്ട്രീയമായി എതിർക്കുന്നത് നല്ല സമീപനം അല്ല. . ഒത്തിരി പാവങ്ങൾക്ക് അനുഗ്രഹമാകുന്ന മന്ത്രിസഭാ യോഗ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും വെള്ളാപ്പള്ളി​ പറഞ്ഞു.