ആലപ്പുഴ: നഗരത്തിൽ ഗെയ്ൽ പാചക വാതക പൈപ്പുകൾ സ്ഥാപിക്കാൻ സർവേയും മാപ്പിംഗും നടത്തുന്നതിന് നഗരസഭ പ്രത്യേക കൗൺസിൽ അനുമതി നൽകി.
എ.ജി ആൻഡ് പി എന്ന ബഹുരാഷ്ട്ര കമ്പനിക്കാണ് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എൽ.എൻ.ജി പൈപ്പുകൾ സ്ഥാപിക്കാൻ കേന്ദ്ര പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് കരാർ നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പാവുന്നതോടെ എല്ലാ വീടുകളിലും പൈപ്പുകളിലൂടെ സുരക്ഷിതമായി പാചകവാതകം എത്തും. കൂടാതെ വില 20-40 ശതമാനം കുറയും. നടപ്പുവർഷത്തെ പ്രവൃത്തികളുടേയും അമൃത് പ്രവൃത്തികളുടെയും റി വിഷൻ, അമൃത് പദ്ധതി നിർവഹണ സമിതി തിരഞ്ഞെടുപ്പ് എന്നിവയും കൗൺസിൽ അംഗീകരിച്ചു.
ചെയർപേഴ്‌സൺ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, കെ.ബാബു, എം.ആർ.പ്രേം, ഇല്ലിക്കൽ കുഞ്ഞുമോൻ, അഡ്വ.റീഗോ രാജു, മെഹബൂബ്, കൊച്ചുത്രേസ്യ, മനു ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു.