ചേർത്തല: പഴമയുടെ തനിമ കൈവിടാതെ കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിൽചിക്കരകൊട്ടിക്കൽ കൂട്ടക്കള മഹോത്സവം നടന്നു. ക്ഷേത്രത്തിന് പടിഞ്ഞാറ് കുമർത്തുശേരി മൂലസ്ഥാനത്തായിരുന്നു ചടങ്ങ് . ഉത്സവത്തിന് കൊടിയേറിയപ്പോൾ കുമർത്തുശ്ശേരിയിലെ ചിക്കര കൊട്ടിലിൽ പ്രത്യേകം തയ്യാറാക്കിയ മൺകുടത്തിൽ ചിക്കര കുട്ടികൾ ചക്കര നിക്ഷേപിച്ചിരുന്നു. എഴാം ഉത്സവദിനത്തിൽ ചക്കര എടുക്കാൻ കുട്ടികൾ മൺകുടത്തിൽ കൈയിടും.ഈ സമയം കുടത്തിലെ ചക്കര അലിഞ്ഞ് ഇല്ലാതാകും. ചക്കരകിട്ടാതെ വന്നപ്പോൾ ക്ഷേത്രത്തിലെ വെളിച്ചപ്പാട് ഈർക്കിൽ കൊണ്ട് ചിക്കരകുട്ടിയെ തലോടും .ഈ തലോടൽ കൊണ്ട് ബാലാരിഷ്ടതകൾ മാറുമെന്നാണ് വിശ്വാസം. കുട്ടികളുടെ ബാലാരിഷ്ടതകൾ മാറാൻ അമ്മമാർ നേരുന്ന വഴിപാടാണ് ചിക്കര വഴിപാട്. കൊവിഡ് വ്യാപന നിയന്ത്റണങ്ങൾ നിലനിൽക്കുന്നതിനാൽ ഈ വർഷം 10 വയസ് പൂർത്തിയായ 25 പെൺകുട്ടികളെ മാത്രമാണ് ചിക്കര വഴിപാടിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. കൊടിയേ​റ്റ് ദിനത്തിൽ 3 കുട്ടികളെ ചിക്കര വഴിപാടിന്റെ ഭാഗമായി വരവേ​റ്റിരുന്നു. 22 കുട്ടികളെ ഇന്ന് ചിക്കര വഴിപാടിനായി വരവേറ്റു. ചടങ്ങുകൾക്ക് ശാന്തി വി.കെ. സുരേഷ്,വെളിച്ചപ്പാട് ജിജു പൊന്നപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.മാർച്ച് 4നാണ് താലിചാർത്ത് മഹോത്സവം. മാർച്ച് 9ന് വടക്കേ ചേരുവാര ഉത്സവവും, 10ന് തെക്കേ ചേരുവാര കൂട്ടക്കള മഹോത്സവവും നടക്കും.