
ചേർത്തല: വയലാറിൽ ആർ.എസ്.എസ് - എസ്.ഡി.പി.ഐ സംഘർഷത്തിൽ ആർ.എസ്.എസ് മുഖ്യ ശിക്ഷക് വെട്ടേറ്റ് മരിച്ചു. വയലാർ പഞ്ചായത്ത് നാലാം വാർഡ് തട്ടാംപറമ്പിൽ രാധാകൃഷ്ണന്റെ മകൻ നന്ദു കൃഷ്ണനാണ് (22) മരിച്ചത്. ഒപ്പമുണ്ടായിരുന്ന വയലാർ സ്വദേശി കെ.എസ്. നന്ദുവിനെ (22) കൈ വെട്ടിമാറ്റിയ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് എസ്.ഡി.പി.ഐ പ്രചാരണ ജാഥയ്ക്കിടെ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് വൈകിട്ട് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇതോടെ സ്ഥലത്ത് ചേർത്തല പൊലീസ് നിലയുറപ്പിച്ചു. പ്രകടനങ്ങൾക്കു ശേഷം പിരിഞ്ഞു പോയ പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. പൊലീസ് നോക്കി നിൽക്കെയാണ് സംഭവം. ഇരു വിഭാഗങ്ങൾ തമ്മിൽ കല്ലേറും കൂട്ടത്തല്ലുമുണ്ടായി. എസ്.ഡി.പി.ഐ പ്രവർത്തകർക്കും പരിക്കേറ്റെന്നാണ് വിവരം.സംഭവവുമായി ബന്ധപ്പെട്ട് ഏതാനും എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിലായെന്നാണ് സൂചന. പ്രദേശം പൊലീസ് കാവലിലാണ്.