s

ആലപ്പുഴ : കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് സംസ്ഥാനത്തെ മാവുകളിൽ കായ്ഫലം കുറഞ്ഞതിനാൽ മാങ്ങ കച്ചവടം നടത്തി വരുമാനം കണ്ടെത്തിയിരുന്നവർ പ്രതിസന്ധിയിൽ. 2018ൽ പ്രളയം ബാധിച്ച പ്രദേശങ്ങളിൽ മൂന്ന് വർഷമായി മാങ്ങയുടെ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ട്. പതിവുപോലെ വൃശ്ചികമാസത്തിൽ സംസ്ഥാനത്ത് മാവുകൾ ഭൂരിഭാഗവും പൂത്തെങ്കിലും കാലം തെറ്റിയെത്തിയ മഴയിൽ ഇവ കൊഴിഞ്ഞുപോയി. ഇതോടെ മാങ്ങയ്ക്ക് വേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായി.

മാവുകളിലെ കണ്ണിമാങ്ങകൾ നോക്കി വിലയുറപ്പിക്കുന്ന കച്ചവടക്കാർക്കും ഇട വരുമാനം ലഭിച്ചിരുന്ന വീട്ടുകാർക്കും കാലാവസ്ഥ മാറ്റം വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. അന്തരീക്ഷ താപനില കൂടിയതും കാലംതെറ്റിയെത്തുന്ന മഴയും മണ്ണിലെ ഉയർന്ന ജലാംശവുമാണ് കായ്ഫലം കുറയാൻ പ്രധാനകാരണമെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു.

ഡിസംബർ മാസത്തിൽ പോലും കനത്ത മഴ പെയ്തതിനാൽ കടുക്കാച്ചി, പുളിയൻ പറങ്കി, കപ്പായി, തത്തക്കൊത്തൻ, നീലൻ, ഒളോർ, തൊണ്ടൻ എന്നീ മാങ്ങകൾ പലയിടത്തും കിട്ടാനില്ല. പൊതുവേ നാട്ടിൻപുറങ്ങളിൽ കാണുന്ന ഗോമാങ്ങ, ലാത്തിമാങ്ങ, പഴമാങ്ങ എന്നിങ്ങനെ നാടൻ ഇനങ്ങൾ പലയിടത്തും പൂവിട്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് മാവുകൾ ആദ്യം പൂക്കുന്നത്. നവംബർ, ഡിസംബർ മാസത്തിൽ പൂവിടുകയും മാർച്ച്, ഏപ്രിൽ മാസത്തോടെ വിളവെടുക്കുകയും ചെയ്യും. മറ്റു സംസ്ഥാനങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് മാങ്ങ വിളവെടുക്കുന്നത്. വിവിധ തരത്തിലുള്ള 45,000 ടൺ മാമ്പഴമാണ് കേരളത്തിൽ നിന്ന് വിവിധയിടങ്ങളിലേക്ക് ഓരോ വർഷവും കയറ്റി അയക്കുന്നത്. സിന്ദൂരം, അൽഫോൺസ, കിളിച്ചുണ്ടൻ, നീലൻ, ബൻഗനപ്പള്ളി മാങ്ങകൾക്ക് ഗൾഫ് രാജ്യങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം ഡിമാൻഡുണ്ട്.

45,000 : ടൺ മാമ്പഴമാണ് ഓരോ വർഷവും കേരളത്തിൽ നിന്ന് കയറ്റി അയയ്ക്കുന്നത്

കായ് ഫലം കുറയാൻ

 അന്തരീക്ഷ താപനില കൂടി

 കാലംതെറ്റിയ മഴ

മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റം

പ്രളയത്തെ തുടർന്ന് മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റം വിളകളുടെ ഉത്പാദനത്തെ ബാധിച്ചു. ചില പ്രദേശങ്ങളിലെ മണ്ണുപരിശോധനയിൽ ഇത് വ്യക്തമായി. മണ്ണിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മ മൂലകങ്ങളായ ബോറോൺ, സിങ്ക്, സൾഫർ എന്നിവയുടെ കുറവാണ് ഘടനയിൽ മാറ്റത്തിന് ഇടയാക്കുന്നതെന്നാണ് അനുമാനം

- കൃഷിവകുപ്പ് അധികൃതർ

മുൻകാലങ്ങളിൽ കണ്ണിമാങ്ങ പരുവമാകുമ്പോൾതന്നെ കച്ചവടക്കാർ വന്ന് വിലപറഞ്ഞ് ഉറപ്പിക്കുമായിരുന്നു. ഏതാനും വർഷങ്ങളായി ആ പ്രവണത നിലച്ചു. ഇതോടെ സീസണിൽ ലഭിച്ചിരുന്ന വരുമാനവും നിലച്ചു

- സുശീല, വീട്ടമ്മ