s

ആലപ്പുഴ: സംസ്ഥാനത്ത് ചൂട് കൂടുന്നതിനാൽ ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗക്കാർ പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഈ വിഭാഗത്തിൽപ്പെട്ടവർക്ക് സൂര്യാഘാതം ഏൽക്കാൻ സാദ്ധ്യത കൂടുതലുണ്ട്. ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കണം. നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പൊതു നിരത്തുകളിൽ ജോലിയിലുള്ള പൊലീസുകാർ ഉൾപ്പെടെയുള്ളവർ ആവശ്യത്തിന് വെള്ളം കുടിച്ച് നിർജലീകരണം തടയണം. രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കുപ്പിയിൽ കരുതണം.

കഠിനമായ ചൂട് മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യതയുണ്ട്. യാത്രയിൽ ഏർപ്പെടുന്നവരും മറ്റ് ആവശ്യങ്ങൾക്കായി നഗരങ്ങളിൽ എത്തുന്നവരും കൃത്യമായ ഇടവേളകളിൽ ശരീരത്തിന് വിശ്രമം നൽകണം. തദ്ദേശ സ്ഥാപനങ്ങൾ വാട്ടർ കിയോസ്‌കുകളിൽ വെള്ളം ഉറപ്പു വരുത്തണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കണം.

.........................

 പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം

 അസ്വസ്ഥത ഉണ്ടായാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയുംവേണം

 സൂര്യാഘാതമേറ്റവർക്ക് അടിയന്തിര ശുശ്രൂഷ നൽകണം