
ഉറച്ച നിലപാടുമായി തിയേറ്ററുടമകൾ
ആലപ്പുഴ: പത്ത് മാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ പ്രദർശനത്തിന് അനുമതി ലഭിച്ചെങ്കിലും സിനിമ തിയേറ്റർ വ്യവസായം നേരിടുന്ന പ്രതിസന്ധികൾക്ക് അയവില്ല. കൊവിഡ് മാനദണ്ഡപ്രകാരം രാവിലെ 9 മുതൽ രാത്രി 9 മണി വരെ മാത്രമാണ് തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാൻ അനുമതി. സെക്കൻഡ് ഷോകൾക്ക് വിലക്കായതിനാൽ ഭൂരിഭാഗം കുടുംബപ്രേക്ഷകരെയും തങ്ങൾക്ക് നഷ്ടമായെന്ന് തിയേറ്റർ ഉടമകൾ പറയുന്നു.
പകൽ സമയത്തെ ജോലിത്തിരക്കുകൾക്ക് ശേഷം, കുടുംബവുമൊത്ത് ഉന്മേഷത്തോടെ സമയം ചിലവഴിക്കാൻ നല്ലൊരു ശതമാനം പ്രേക്ഷകരും തിരഞ്ഞെടുത്തിരുന്നത് സെക്കൻഡ് ഷോകളായിരുന്നു. അതിനുള്ള അവസരമാണ് ഇപ്പോൾ നഷ്ടമായത്. സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ മാർച്ചിൽ പുതിയ റിലീസ് വേണ്ടെന്ന് വയ്ക്കാനുള്ള ആലോചനയിലാണ് സിനിമാ നിർമ്മാതാക്കൾ. പകൽ സമയത്തെ ഷോകൾ 50 ശതമാനം പ്രേക്ഷരുമായി നടത്തുന്നത് നിർമ്മാതാവിനും, തിയേറ്റർ ഉടമയ്ക്കും നഷ്ടമാണ്. രാത്രി ഷോ നടത്തിയാൽ കൊവിഡ് വ്യാപനമുണ്ടാകുമെന്ന ന്യായം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് തിയേറ്റർ ഉടമകൾ. സെക്കൻഡ് ഷോ സംബന്ധിച്ച് തീരുമാനമായില്ലെങ്കിൽ, പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി - മഞ്ജുവാര്യർ ചിത്രം 'ദി പ്രീസ്റ്റ്' ന്റെ റിലീസ് നീട്ടിവച്ചേക്കും.
ഒ.ടി.ടി റിലീസും വ്യാജന്റെ വരവും
സൂപ്പർ ഹിറ്റ് ചിത്രം 'ദൃശ്യം 2" ഒ.ടി.ടി റിലീസ് ചെയ്തത് തിയേറ്റർ വ്യവസായത്തിന് വലിയ തിരിച്ചടിയായെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വെള്ളം, ഓപ്പറേഷൻ ജാവ, ലവ് പോലെ തിയേറ്റർ റിലീസ് നടത്തിയതും മികച്ച അഭിപ്രായം നേടിയതുമായ ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ വ്യാപകമായി പ്രചരിച്ചതും മേഖലയ്ക്ക് തിരിച്ചടിയായി. . സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ പതിപ്പുകളെത്തും. തിയേറ്ററുകളിൽ ലഭിക്കേണ്ട വരുമാനമാണ് ഇത്തരത്തിൽ നഷ്ടമാകുന്നത്. ചിത്രങ്ങളുടെ എച്ച്.ഡി പ്രിന്റ് തന്നെ ലഭിക്കുമെന്നതിനാൽ കുടുംബവുമൊത്ത് വീട്ടിലിരുന്ന് ഹോം തിയേറ്ററിൽ യാതൊരു ചെലവുമില്ലാതെ സിനിമ ആസ്വദിക്കാൻ കഴിയും.
കുരുക്കാകുന്നത്
പ്രദർശനം രാവിലെ 9 മുതൽ രാത്രി 9 വരെ മാത്രം
50 ശതമാനം പ്രേക്ഷകർക്ക് മാത്രം പ്രവേശനം
മികച്ച കളക്ഷൻ ലഭിക്കുന്ന സെക്കൻഡ് ഷോകൾക്ക് വിലക്ക്
പുതിയ റിലീസുകളില്ലാതെ തിയേറ്റർ നടത്തുന്നത് നഷ്ടം
ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന സെക്കൻഡ് ഷോ ഇല്ലാതെ, വിനോദ നികുതിയും ജി.എസ്.ടിയും നൽകി തിയേറ്ററുകൾ നടത്താൻ ബുദ്ധിമുട്ടാണ്. 12 മണി വരെയെങ്കിലും പ്രദർശനം നടത്താൻ അനുമതി ലഭിക്കണം.
- തിയേറ്റർ ഉടമകൾ