s

കടകൾ അഗ്നി​ക്കി​രയാക്കി​

ചേർത്തല: ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തെത്തുടർന്ന് സംഘപരിവാർ സംഘടനകൾ ഇന്നലെ ജി​ല്ലയി​ൽ ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ ചേർത്തല നഗരത്തിൽ വ്യാപക അക്രമം. മൂന്ന് കടകൾ അഗ്നിക്കിരയാക്കി. രണ്ട് കടകൾ തല്ലിത്തകർത്തു. വാഹനങ്ങളുടെ ചില്ലുകളും തകർത്തു. രാവിലെ തുടങ്ങിയ അക്രമിസംഘങ്ങളുടെ തേർവാഴ്ച ഉച്ചവരെ തുടർന്നു. ഉച്ചയ്ക്ക് ശേഷം കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ച് നഗരം പൊലീസിന്റെ നിയന്ത്രണത്തിലാക്കി.

പടയണിപാലത്തിന് സമീപം സ്വകാര്യ ആശുപത്രിക്ക് മുന്നിലെ പച്ചക്കറി തട്ടിനാണ് ആദ്യം തീയിട്ടത്. എസ്.ഡി.പി.ഐ ഭാരവാഹിയായ നഗരസഭ 30-ാം വാർഡ് ചെറുകണ്ണംവെളിച്ചിറ ഷാഹുദ്ദീന്റെ (സാഹിബ്)ഉടമസ്ഥതയിലുള്ളതാണ് കട. തുടർന്ന് സമീപത്ത് കനാൽക്കരയിലുള്ള ഇക്കായിസ് കൂൾബാർ അഗ്നിക്കിരയാക്കി. മുനിസിപ്പൽ 7-ാം വാർഡിൽ സുലേഖ മൻസിലിൽ ഫാസിലിന്റെ ഉടസ്ഥതയിലുള്ളതാണ് കട. ദേശീയപാതയിൽ ചേർത്തല എക്സറേ കവലയ്ക്ക് സമീപത്തെ ആക്രിക്കട തീയിട്ടു നശിപ്പിച്ചു. എസ്.ഡി.പി.ഐ ഭാരവാഹി സുനീറിന്റേതാണ് കട.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഒനിയൻ ഫുഡ്കോർട്ട് തല്ലിത്തകർത്തു. മുൻഭാഗത്തെ ചില്ലുകൾ പൂർണമായി തകർന്നു. സ്വകാര്യ ബസ്റ്റാൻഡിന് സമീപത്തെ കൂൾബാറും തല്ലിത്തകർത്തു. മുനിസിപ്പൽ 30-ാം വാർഡിൽ കാരിക്കുഴിയിൽ സിയാദിന്റെതാണ് കട. പൂത്തോട്ട പാലത്തിന് സമീപം എസ്.എം. ഫ്രൂട്ട്സിന് മുന്നിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയുടെയും കാറിന്റെയും ചില്ലുകൾ തകർത്തു. നഗരസഭ 8-ാം വാർഡിൽ ചാണിയിൽ ഷെമീറിന്റെ ഉടമസ്ഥയിലുള്ളതാണ് സ്ഥാപനം. അഗ്നിശമന സേനയുടെ ചേർത്തല-ആലപ്പുഴ യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. ഓരോ ആക്രമണസ്ഥലത്തും തീപടർന്ന് പിടിച്ചതിന് ശേഷമാണ് പൊലീസ് എത്തിയതെന്ന് വിമർശനമുണ്ട്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ചാണ് അക്രമി​സംഘം തേർവാഴ്ച നടത്തിയതെണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രധാന കവലകളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതൊടൊപ്പം വടക്കേ അങ്ങാടി കവലയ്ക്ക് സമീപത്തെ മുസ്ലീം പള്ളിക്കും പൊലീസ് കാവൽ ഏർപ്പെടുത്തി.സംഘപരിവാർ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യാപാരികൾ ആരോപിച്ചു.