s

ചേർത്തല: വയലാർ നാഗംകുളങ്ങരയിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണന്റെ കൊലപാതകത്തിലേക്ക് നയിച്ചത് പൊലീസിന്റെ നിസംഗതയെന്ന് ആരോപണം ശക്തമാകുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും സബ് ഇൻസ്പെക്ടറുടെയും കൺമുന്നിലാണ് യുവാവിന് വെട്ടേറ്റതെന്നാണ് ലഭിക്കുന്ന വിവരം.

എസ്.ഡി.പി.ഐ- ആർ.എസ്.എസ് പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രകടനം നടത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് വയലാർ നാഗംകുളങ്ങരയിലെത്തിയത്. പ്രകടനം കഴിഞ്ഞ് ആർ.എസ്.എസ് പ്രവർത്തകർ പിരിഞ്ഞതിന് പിന്നാലെ എസ്.ഡി.പി.ഐക്കാർ സംഘടിച്ച് കാറിലും ഇരുചക്രവാഹനത്തിലുമായി കവലയിൽ എത്തി. ഈ സമയം ഏതാനും ആർ.എസ്.എസ് പ്രവർത്തകർ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട നന്ദു ആർ.കൃഷ്ണയും ഗുരുതരമായി പരിക്കേറ്റ കടപ്പള്ളി കെ.എസ്.നന്ദുവും അക്രമി സംഘത്തിന് മുന്നിൽ അകപ്പെട്ടു.ഇവർ നന്ദു ആർ.കൃഷ്ണയുടെ തലയ്ക്ക് പിന്നിലും കഴുത്തിലും വെട്ടി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കെ.എസ്.നന്ദുവിന്റെ വലതു കൈമുട്ടിന് താഴെ വെട്ടേറ്റത്. വയലാർ സ്വദേശി പ്രസാദിനും തലയ്ക്ക് അടിയേറ്റിരുന്നു. ആക്രമണം നടക്കുമ്പോൾ തങ്ങളുടെ പ്രവർത്തകരെ പൊലീസ് തടഞ്ഞുവച്ചെന്നാണ് സംഘപരിവാർ ഉയർത്തുന്ന വിമർശനം. അക്രമി സംഘം മാരകായുധങ്ങളുമായി പ്രദേശത്ത് സംഘടിച്ച വിവരം മുൻകൂട്ടി മനസിലാക്കാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചില്ലെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിലും കാറിലുമായാണ് മറ്റ് പ്രദേശങ്ങളിൽ നിന്നുൾപ്പെടെയുള്ള അക്രമികൾ പ്രദേശത്ത് എത്തിയത്. മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ഇവർ എത്തിയതെന്നാണ് സൂചന. അക്രമികൾ സഞ്ചരിച്ച വാഹനങ്ങൾ ഇന്നലെ ഉച്ചയോടെയാണ് സ്റ്റേഷനിലേയ്ക്ക് മാറ്റിയത്.