
ചേർത്തല: 'എനിക്കെന്റെ മോനെ ഒന്ന് ഫോൺ വിളിച്ച് താ...' തട്ടാംപറമ്പിൽ വീട്ടിലേക്ക് എത്തുന്നവരോട് കരഞ്ഞ് കേണപേക്ഷിക്കുന്ന രാജേശ്വരിയെ ഒന്നാശ്വസിപ്പിക്കാൻ പോലുമാകാതെ ബന്ധുക്കളും നാട്ടുകാരും വിതുമ്പി.
വയലാർ പഞ്ചായത്ത് നാലാം വാർഡ് തട്ടാംപറമ്പിൽ രാധാകൃഷ്ണന്റെയും രാജേശ്വരിയുടെയും ഏകമകൻ നന്ദു കൃഷ്ണ എസ്.ഡി.പി.ഐ ആക്രമണത്തിൽ വെട്ടേറ്റു മരിച്ച വാർത്തയുടെ ഞെട്ടലിലാണ് വയലാർ. പത്താംക്ലാസ് കഴിഞ്ഞ് സ്വകാര്യ സ്ഥാപനത്തിൽ ആയുർവേദ നഴ്‌സിംഗ് കോഴ്സ് പൂർത്തിയാക്കിയ നന്ദു അരൂരിലെ മത്സ്യ കയറ്റുമതി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. എന്നും ഉച്ചയ്ക്ക് 12ന് അയൽ വീട്ടിലേക്ക് ഫോൺ ചെയ്ത് അമ്മ മരുന്നു കഴിക്കാൻ മറക്കേണ്ട എന്ന് ഓർമ്മിപ്പിച്ചിരുന്ന തന്റെ പൊന്നോമന മരിച്ചെന്ന് വിശ്വസിക്കാനാകാതെ മാനസിക വിഭ്രാന്തി ബാധിച്ചവരെ പോലെ അലറിവിളിക്കുകയാണ് രാജേശ്വരി.വർഷങ്ങളായി ഹൃദ്റോഗ ബാധിതയായ രാജേശ്വരി സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ട്. അമ്മയുടെ കൈപിടിക്കാനിനി നന്ദു വരില്ലെന്ന സത്യം ഉൾക്കൊള്ളാൻ നാട്ടുകാർക്കുമാകുന്നില്ല.
നന്ദുവിനെയും കാത്ത് ബുധനാഴ്ച രാത്രി മുഴുവൻ ഉറങ്ങാതെ രാജേശ്വരി കാത്തിരുന്നു. രാത്രി എത്ര വൈകിയാലും അമ്മയുടെ അടുത്തേക്ക് നന്ദുവെത്തും. വടകര ഐ.ടി.ഐയിൽ ജീവനക്കാരനായ പിതാവ് രാധാകൃഷ്ണൻ ഒന്നും രണ്ടും ആഴ്ച കൂടുമ്പോൾ മാത്രമാണ് എത്തുന്നത്. നന്ദു എത്തിയ ശേഷമാണ് തട്ടാംപറമ്പുവീട്ടിൽ അത്താഴമൂണ് നടക്കുന്നത്. സംഭവ ദിവസം രാത്രി വൈകിയും മകനെ കാണാതിരുന്നപ്പോൾ കൂട്ടുകാരെ പലരേയും വിളിച്ച് രാജേശ്വരി അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. ഇതിനിടെ നന്ദുവിന്റെ കൂട്ടുകാരനും സമീപവാസിയുമായ കെ.എസ്.നന്ദുവിന് എന്തോ മുറിവേറ്റെന്നറിഞ്ഞ് രാത്രിയോടെ രാജേശ്വരി അവിടേക്ക് പോയി. മകൻ മരിച്ച വിവരം അറിയാതെ അവിടെയാണ് രാത്രി കഴിഞ്ഞത്.
ബുധനാഴ്ച വൈകിട്ട് നാഗംകുളങ്ങര ക്ഷേത്രത്തിന് മുൻവശത്തെ മൈതാനത്ത് ഫുട്‌ബാൾ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രകടനത്തിൽ പങ്കെടുക്കാനെത്തണമെന്ന് നന്ദുവിന്റെ ഫോണിൽ വിളിവന്നത്. പ്രകടനം കഴിഞ്ഞ് പ്രവർത്തകരിൽ ഭൂരിഭാഗവും പിരിഞ്ഞതിന് ശേഷം സംഘടിച്ചു നിന്ന അക്രമി സംഘം മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയുമായിരുന്നു. അക്രമികൾക്ക് നടുവിൽ പെട്ട നന്ദു അടക്കമുള്ളവരെ പൊലീസ് നോക്കിനിൽക്കെയാണ് വെട്ടിയും കുത്തിയും വീഴ്ത്തിയത്. പൊലീസ് തടഞ്ഞതിനാൽ കൂടെയുണ്ടായിരുന്ന മറ്റ് പ്രവർത്തകർക്ക് ഇവരുടെ അടുത്തേക്ക് എത്താനായില്ല. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ സന്ധ്യയോടെ നന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ച് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു.