sdpi

ചേർത്തല: വയലാറിൽ ആർ.എസ്.എസ് മുഖ്യശിക്ഷക് നന്ദു ആർ.കൃഷ്ണ വെട്ടേ​റ്റുമരിച്ച സംഭവത്തിൽ എട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിൽ.

ചേർത്തല മുനിസിപ്പൽ എട്ടാം വാർഡ് വെളിയിൽ സുനീർ (39), അരൂക്കു​റ്റി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ദാരുൽസിറ യാസർ (32), വയലാർ ഗ്രാമപഞ്ചായത്ത് നാലം വാർഡ് മുക്കാത്തു വീട്ടിൽ അബ്ദുൾഖാദർ (52),എഴുപുന്ന ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പൊക്കംതറ മുഹമ്മദ് അനസ് (24), ചേർത്തല മുനിസിപ്പൽ എട്ടാം വാർഡ് വെളിയിൽ അൻസിൽ (33), പാണാവള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വെളിംപറമ്പിൽ റിയാസ് (38), അരൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് വരേകാട് നിഷാദ് (32), ചേർത്തല മുനിസിപ്പൽ 30-ാം വാർഡ് വെളിചിറ ഷാബുദ്ദീൻ (49) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു വാൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു.
കൊലപാതകം, ആയുധം കൈവശം വയ്ക്കൽ, സംഘം ചേരൽ,ഗൂഢാലോചന തുടങ്ങി 12 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫോറിൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. ബുധനാഴ്ച രാത്രി എട്ടോടെ നാഗംകുളങ്ങര കവലയിൽ സംഘർഷത്തിനിടെയാണ് ആർ.എസ്.എസ് മുഖ്യ ശിക്ഷക് നന്ദു ആർ.കൃഷ്ണ (22), കെ.എസ്.നന്ദു (23) എന്നിവർക്കു വെട്ടേ​റ്റത്. വയലാർ
ഗ്രാമപഞ്ചായത്ത് നാലാംവാർഡ് തട്ടാംപറമ്പ് രാധാകൃഷ്ണന്റെയും രാജേശ്വരിയുടെയും ഏകമകനായ നന്ദുകൃഷ്ണയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ഇന്നലെ വയലാറിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ചേർത്തലയിൽ നിന്നു സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്ത വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അതേസമയം കെ.എസ്.നന്ദു അപകടനില തരണം ചെയ്തു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി നാട്ടുകാർ ആരോപിക്കുന്നു.

മരണകാരണം തലയ്ക്ക് പിന്നിലേറ്ര കുത്ത്

നന്ദു ആർ.കൃഷ്ണയുടെ മരണകാരണം തലയ്ക്കു പിന്നിൽ കഴുത്തിന് മുകളിലായി മൂർച്ച ഏറിയ ആയുധം കൊണ്ടുള്ള കുത്തേറ്റതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച പോസ്റ്റുമാർട്ടം 3.30നാണ് അവസാനിച്ചത്.