ആലപ്പുഴ: നഗരത്തിൽ വർഷങ്ങളായി അനാഥമായി കിടക്കുന്ന തിരുമല ജംഗ്ഷനിലെ നഗരസഭാ സ്ഥലത്ത് മിനി ഐ.ടി പാർക്ക് വരുന്നു. 50 ലക്ഷം രൂപയാണ് ഇതിനുവേണ്ടി നഗരസഭ വകയിരുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇതിനുള്ള നടപടി ക്രമം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ രണ്ട് ഷിഫ്റ്റായി 100 പേർക്ക് ജോലി ലഭ്യമാകും. വർക്ക് ഫ്രം ഹോം എന്ന സങ്കൽപ്പത്തിലാണ് മിനി ഐ ടി പാർക്ക് ഒരുങ്ങുന്നത്. ജില്ലയിലെ സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹമുള്ള യുവാക്കൾക്ക് ഇത് പുതിയ വഴിത്തിരിവാകും.ദേശീയപാതയ്ക്ക് പടിഞ്ഞാറുള്ള നഗരസഭയുടെ 20 സെന്റ് സ്ഥലത്താണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നത്. മുൻകാലങ്ങളിൽ രണ്ട് പദ്ധതികൾക്കായി തറക്കല്ലിടീൽ പദ്ധതി നടത്തിയെങ്കിലും പദ്ധതികൾ കടലാസിൽ മാത്രമായി ഒതുങ്ങി. ഏതെങ്കിലും പദ്ധതി നടപ്പായാൽ നഗരസഭയ്ക്ക് ലക്ഷങ്ങൾ വരുമാന മാർഗം ഇതിലൂടെ ലഭിക്കും. രണ്ട് പതിറ്റാണ്ടായി ഇവിടുത്തെ ജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണ് പദ്ധതി നടപ്പാകാൻ. എന്നാൽ ഇത്തവണത്തെ പദ്ധതി പ്രഖ്യാപനം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
തിരുമല ജംഗ്ഷനിലെ കൊങ്ങിണിചുടുകാട് പ്രദേശത്ത് ഷോപ്പിംഗ് കോംപ്ലക്സും സോഫ്ട്വെയർ പാർക്കും ഉൾപ്പെടെ തുടങ്ങാനായിരുന്നു ആദ്യ പദ്ധതി. ജനകീയാസൂത്രണത്തിലൂടെ നഗരസഭയ്ക്ക് ഫണ്ട് ലഭ്യമായപ്പോഴാണ് ആദ്യത്തെ പദ്ധതി ഇവിടെ പ്രഖ്യാപിച്ചത്. 2000-01 ആണ് ഫോഫ്ട്വെയർ പാർക്കിന് 25 ലക്ഷം രൂപ വകയിരുത്തിയത്. പിന്നീട് തറക്കല്ലുമിട്ടു.പക്ഷേ നഗരസഭാ ഭരണാധികാരികൾ മാറിമാറി വന്നപ്പോൾ പദ്ധതി അടഞ്ഞ അദ്ധ്യായമായി മാറി. ആ ഫണ്ട് അധികൃതർ വക മാറ്റി ചെലവഴിച്ചു. പിന്നീട് ഷോപ്പിംഗ് കോംപ്ലക്സ് ആയി പ്രഖ്യാപനം . എല്ലാവർഷവും ബഡ്ജറ്റിൽ ഇവിടെ പുതിയ പദ്ധതിക്ക് ഫണ്ട് അനുവദിക്കുമെങ്കിലും ഒന്നും നടപ്പിലായില്ല . വനിതകൾക്കായി സംരംഭം തുടങ്ങാനിരുന്നതും അതും എങ്ങും എത്തിയില്ല. കഴിഞ്ഞ ഭരണത്തിൽ ഇരുന്നവർ നാല് മാസം മുമ്പ് അവസാന ശ്രമമായി മിനി ആഡിറ്റോറിയത്തിന് തറക്കല്ല ഇട്ടു. എന്നാൽ തറക്കില്ലിടിയിൽ പദ്ധതി അവസാനിച്ചു. പുതിയസംരംഭമെങ്കിലും തുടങ്ങി സ്ഥലത്തിന് ശാപമേക്ഷം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.....
# മൂക്ക് പൊത്തി
ഇടക്കാലം വരെ നഗരത്തിലെ മാലിന്യം നിക്ഷേപിക്കാൻ മാത്രമായുള്ള ഇടമായിരുന്നു കൊങ്ങിണി ചുടുകാട് പ്രദേശത്തെ ഈ സ്ഥലം. മാലിന്യം കുന്നുകൂടി ആളുകൾക്ക് മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ദിനംപ്രതി നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ മാലിന്യം നീക്കം ചെയ്യുമെങ്കിലും പിറ്റേദിവസം ഇരട്ടിയാകും. നാട്ടുകാരുടെ പരാതിയിൽമേൽ സി.സി.ടി.വി സ്ഥാപിക്കുകയും ചെയ്തതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ഈ സമയങ്ങളിൽ തെരുവ് നായ്ക്കളുടെ പ്രശ്നം അതിരൂക്ഷമായിരുന്നു. നായ്ക്കൾ മാലിന്യകവറുകൾ പൊട്ടിച്ച് റോഡിൽ ഇട്ടിരുന്നു. ഇത് ഇരുചക്ര വാഹനയാത്രക്കാർക്ക് അപകടത്തിന് ഇരയാക്കി.
...................
100
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ
രണ്ട് ഷിഫ്റ്റായി 100 പേർക്ക് ജോലി ലഭ്യമാകും.
50
മിനി ഐ.ടി പാർക്കിനായി 50 ലക്ഷം രൂപയാണ്
നഗരസഭ വകയിരുത്തിയിരിക്കുന്നത്
.....
# തത്കാലം കളിക്കളം
ഇപ്പോൾ ഈ പ്രദേശം നഗരസഭ വൃത്തിയാക്കി,പ്രദേശത്തുള്ള കുട്ടികൾ മൈതാനമാക്കി മാറ്റിയിരിക്കുകയാണ്. ഫുട്ബാൾ,ക്രിക്കറ്റ് എന്നിവ കളിക്കാൻ കളിക്കളമാക്കിയതിൽ കുട്ടികൾ സന്തോഷത്തിലാണ്.
......
'' കൊങ്ങിണി ചുടുകാട്ടിൽ നഗരസഭയുടെ അധീനതയിൽ ഉള്ള സ്ഥലത്ത് വർക്ക് ഫ്രം ഹോം സങ്കൽപത്തിനുള്ള ഐ ടി പാർക്ക് യാഥാർത്ഥ്യമാക്കും. തിരഞ്ഞെടുപ്പ് നടപടി ക്രമം കഴിഞ്ഞാൽ നിർമ്മാണം ആരംഭിക്കും. കെട്ടിടത്തിൽ വേണ്ട സജീകരണം ഒരുക്കി വാടകയ്ക്ക് നൽകും.
പി.എസ്.എം ഹുസൈൻ, നഗരസഭാ വൈസ് ചെയർമാൻ