
ആലപ്പുഴ: ഉയർന്ന അന്തരീക്ഷ താപനില പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും ആയുസ് കുറയ്ക്കുന്നു. ഊഷ്മാവ് വർദ്ധിക്കുമ്പോൾ പാലിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കളും വർദ്ധിക്കും. കടകളിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് പാലുകൾ പാകം ചെയ്യുമ്പോൾ പിരിയുന്നത് പതിവാകുകയാണ്.
വില്പനയ്ക്കെത്തിക്കുന്ന പാക്കറ്റ് പാലുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതിന് പകരം കടത്തിണ്ണയിലോ, റോഡ് വക്കിലോ പെട്ടികളിൽ വയ്ക്കുന്നതാണ് വേഗത്തിൽ പിരിയാൻ കാരണമെന്ന് ഡയറി വകുപ്പ് അധികൃതർ പറയുന്നു. ഏതു ഭക്ഷണപദാർത്ഥവും കേടു കൂടാതെ ഉപയോഗിക്കാൻ കഴിയുന്ന ഷെൽഫ് ലൈഫിനപ്പുറം ഭക്ഷണം ഗുണനിലവാരത്തോടെ ഇരിക്കില്ല. കാലയളവിനൊപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ്, ഭക്ഷണം സൂക്ഷിക്കേണ്ട ഊഷ്മാവ്. ഓരോ ഭക്ഷണ സാധനവും സൂക്ഷിക്കേണ്ട രീതിയിലാണോ റീട്ടയിൽ ഷോപ്പുകളിൽ നിന്നു ലഭിക്കുന്നതെന്നതും പ്രധാനമാണ്. പാലും തൈരും എത്ര നാൾ ഉപയോഗിക്കാം എന്നതിനൊപ്പം, എത്ര ഊഷ്മാവിൽ സൂക്ഷിച്ചാലാണ് കേടുകൂടാതെ ഇരിക്കുക എന്ന് പാക്കറ്റുകളിലുണ്ടാവും. പക്ഷേ കട ഉടമകളും ഉപഭോക്താക്കളും പലപ്പോഴും ശ്രദ്ധിക്കാറില്ല. സിപ് അപ്പ്, ഐസ്ക്രീം, തൈര്, സംഭാരം, ലസ്സി, ശീതളപാനീയങ്ങൾ തുടങ്ങി വേനലിൽ ആശ്വാസമാകുന്ന എല്ലാ ഉത്പന്നങ്ങൾക്കും അന്തരീക്ഷ താപനിലയിലെ വർദ്ധന ഭീഷണിയാണ്. കടകളിലും വീടുകളിലും ഷേക്കുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരവും പരിശോധിക്കപ്പെടുന്നില്ല. മധുരവും പഴങ്ങളും ചോക്ലേറ്റും ചേരുന്നതോടെ പാലിന്റെ രുചിയിൽ വ്യത്യാസമുണ്ടെങ്കിൽ പോലും തിരിച്ചറിയാനാവില്ല.
പാലളവ് ഇടിഞ്ഞു
പൊതുവേ വേനൽക്കാലത്ത് പാൽ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകുന്നത് സാധാരണമാണ്. പച്ചപ്പുല്ലിന്റെ ലഭ്യതയിലുണ്ടാകുന്ന കുറവാണ് പ്രധാന കാരണം. നാരുകൾ അടങ്ങിയ ആഹാരം ലഭിച്ചാൽ മാത്രമേ പശുക്കളിൽ മികച്ച രീതിയിൽ പാൽ ഉത്പാദനം നടക്കൂ. തീറ്റപ്പുൽ കൃഷി വ്യാപകമാക്കാൻ ഡയറി വകുപ്പ് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും, വെള്ളത്തിന്റെ ക്ഷാമം മൂലം വേനൽക്കാലത്ത് കൃഷി ചെയ്യുന്നവർ കുറവാണ്. വേനൽമഴ ലഭിച്ചാൽ പച്ചപ്പുല്ലിന്റെ ക്ഷാമത്തിന് പരിഹാരമാകും.
പാൽ ഉത്പന്നങ്ങൾക്കും ഭീഷണി
പാൽ തൈരായി മാറുന്നതിനു, സാധാരണ 6-14 മണിക്കൂർ മതി. തുടർന്ന് തണുത്ത അന്തരീക്ഷത്തിലാണ് സൂക്ഷിക്കേണ്ടത്. അല്ലെങ്കിൽ ഫെർമെന്റഷൻ നടന്ന് പുളിപ്പ് കൂടുകയും വാതകങ്ങൾ ഉണ്ടായി പാക്കറ്റ് വീർത്തു വരുകയും ചെയ്യും. ദീർഘ നേരം അന്തരീക്ഷ ഊഷ്മാവിൽ ഇരുന്നിട്ടും പാലും തൈരും കേടാവുന്നില്ലെങ്കിൽ മായമുണ്ടെന്ന് സംശയിക്കാം. കണ്ടെൻസ്ഡ് മിൽക്ക്, സ്റ്റെറിലൈസ്ഡ് മിൽക്ക്, ടൊമാറ്റോ സോസ് പോലുള്ളവ ഒരിക്കൽ പാക്കറ്റ് തുറന്നാൽ തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കേണ്ടതാണ്.
...................
# കടകളിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന പാൽ, തൈര് മാത്രം വാങ്ങുക
# വീട്ടിലെത്തിയാലുടൻ ഉത്പന്നങ്ങൾ ഫ്രിഡ്ജിലേക്ക് മാറ്റുക
# ഷെയ്ക്ക് തയ്യാറാക്കാനെടുക്കുന്ന പാൽ കേടായിട്ടില്ലെന്ന് ഉറപ്പുവരുത്തുക
..............................................
അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുന്നതിനാൽ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും ഉപയോഗത്തിൽ ശ്രദ്ധ പുലർത്തണം. കഴിവതും തണുത്ത ഊഷ്മാവിൽ മാത്രം ഇവ സൂക്ഷിക്കണം. ഫ്രിഡ്ജിൽ സൂക്ഷിക്കാത്ത പാലും, തൈരും ചൂട് സമയത്ത് വാങ്ങുന്നത് ഒഴിവാക്കണം
വി.എസ്.ഹർഷ, സീനിയർ ക്ഷീര വികസന ഓഫീസർ, ചമ്പക്കുളം