
ആലപ്പുഴ : മത്സ്യപ്രജനനം സുരക്ഷിതമാക്കി മത്സ്യസമ്പത്ത് സംരക്ഷിക്കുകയെന്ന നൂതന പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ മത്സ്യ സങ്കേതങ്ങൾ ഒരുക്കി തുറവൂർ അക്വാകൾച്ചർ യൂണിറ്റ്.
വേമ്പനാട് കായൽ സംരക്ഷണ പദ്ധതി പ്രകാരം ചേർത്തല താലൂക്ക് പരിധിയിലെ തണ്ണീർമുക്കം, പള്ളിപ്പുറം, മുഹമ്മ എന്നീ ഗ്രാമപഞ്ചായത്തുകളിലായി എട്ട് മത്സ്യ സങ്കേതങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ചേന്നം പള്ളിപ്പുറത്ത് ഫിഷറീസ് വകുപ്പിന്റെ കീഴിലാണ് തുറവൂർ അക്വാകൾച്ചർ യൂണിറ്റ് ഒരുക്കിയത്.
ഒരു യൂണിറ്റിന് 260000 രൂപ മുതൽമുടക്കിൽ മുളങ്കുറ്റികൾ ഉപയോഗിച്ച് കായൽ പ്രദേശത്ത് അതിര് തിരിച്ച് രണ്ട് ഹെക്ടർ സ്ഥലത്ത് സിമന്റ് റിംഗുകളും സിമന്റ് പൈപ്പുകളും ഓലയും ചിരട്ടയും നിക്ഷേപിച്ചാണ് മത്സ്യസങ്കേതങ്ങൾ ഒരുക്കുന്നത്.
കായലിലെ മത്സ്യങ്ങളുടെ പ്രജനനത്തിനുളള ഇടങ്ങൾ കുറയുന്നത് കണക്കാക്കിയാണ് മനുഷ്യ നിർമ്മിത മത്സ്യ പ്രജനന ഇടങ്ങൾക്ക് വേമ്പനാട് കായൽ സംരക്ഷണ പദ്ധതി പ്രകാരം തുടക്കമിട്ടത്. മത്സ്യസങ്കേതങ്ങൾ ഒരുക്കുന്നതോടെ പ്രജനന പ്രായമെത്തിയ മീനുകൾക്ക് റിംഗുകളിലും, പൈപ്പുകളിലും, ഓലയിലും, ചിരട്ടയിലും മുട്ടപതിപ്പിക്കാൻ സാധിക്കുന്നതിനോടൊപ്പം അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെറുസസ്യങ്ങളേയും മറ്റും ആഹാരമാക്കാനും കഴിയും. ഇത്തരത്തിൽ നിർമ്മിച്ചിരിക്കുന്ന മത്സ്യസങ്കേതങ്ങളെ മത്സ്യബന്ധന നിരോധിത മേഖലയായി ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.