ആലപ്പുഴ: സർക്കാർ ആശുപത്രികൾ പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന ഇ-ഹെൽത്ത് പദ്ധതിയുടെ ആദ്യഘട്ടമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജിൽ മാർച്ച് ഒന്നു മുതൽ ആരംഭിക്കും. എഫ് ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറിൽ നിന്ന് യു.എച്ച്.ഐ.ഡി കാർഡ് കൈപ്പറ്റാം. ഇതിനായി ആധാർ കാർഡ്, മൊബൈൽ ഫോൺ എന്നിവ കൊണ്ടു വരണം. ആധാർ കാണിക്കുമ്പോൾ മൊബൈലിൽ വരുന്ന സന്ദേശമനുസരിച്ച് വിവരങ്ങൾ ക്രോഡീകരിച്ച് ബാർകോഡ് അധിഷ്ഠിത കാർഡ് നൽകും. ഈ കാർഡ് കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഉപയോഗിക്കാം. ആശുപത്രിയിൽ വരുമ്പോൾ ഒ.പി ചീട്ട്, ചികിത്സ വേഗത്തിൽ ലഭിക്കുന്നതിനും ഇത് സഹായിക്കും. യു.എച്ച്.ഐ.ഡി കാർഡ് ഉപയോഗിച്ച് ഒ.പി ചീട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.