am-bala

അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കരുനാഗപ്പള്ളി സ്വദേശിയായ 65 കാരന്റെ മൃതദേഹം പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കരിച്ചു.

കാലിന് ഗുരുതര രോഗം ബാധിച്ച് മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 24 ന് ആണ് കരുനാഗപ്പള്ളി സ്വദേശി കൃഷ്ണൻ കുട്ടി (65) മരിച്ചത്. ആശുപത്രിയിൽ കൂട്ടിരിപ്പുകാരില്ലാതിരുന്ന കൃഷ്ണൻ കുട്ടി മരിച്ച വിവരം മാദ്ധ്യമങ്ങളിലൂടെയാണ് ബന്ധുക്കൾ അറിഞ്ഞത്. തമിഴ്നാട്ടിൽ കുടുംബവുമൊത്ത് കഴിയവെ പതിനഞ്ച് വർഷം മുൻപ് വീടു വിട്ടിറങ്ങിയ ബാർബർ തൊഴിലാളിയായ കൃഷ്ണൻകുട്ടി മാറി മാറി പല കടകളിലും ജോലി ചെയ്യുകയായിരുന്നു.മരണ വിവരമറിഞ്ഞ് മുത്തമകൻ പ്രഭാഷ് മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലെത്തിയെങ്കിലും കൊവിഡ് പോസിറ്റീവായിരുന്നതിനാൽ സംസ്കാരം നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊതുപ്രവർത്തകരുടെ അഭ്യർത്ഥനയെ തുടർന്ന് ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ എന്നിവരുടെ സഹായത്തോടെ ചുടുകാട്ടിലെ പൊതുശ്മശാനത്തിൽ സൗജന്യമായി കൊവിഡ് മാനദണ്ഡമനുസരിച്ച് സംസ്കരിച്ചു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നൂറുദ്ദീൻ കോയ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റെ് നിസാർ വെള്ളാപ്പള്ളി, യൂത്ത് കോൺഗ്രസ് കളർകോട് മണ്ഡലം പ്രസിഡന്റ് മണി വി.പിള്ള, ഹാഷിം വണ്ടാനം, അസർ അസ്ലം, പ്രവാസി കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഉണ്ണി കൊല്ലം പറമ്പ് എന്നിവർ ചേർന്ന് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഭാര്യ: തങ്കമണി. മക്കൾ: പ്രഭാഷ്, പ്രഭാദേവി, ഹരീഷ് കുമാർ.