മാവേലിക്കര: ബുദ്ധജംഗ്ഷൻ - കല്ലുമല റോഡിലെ റെയിൽവേ ലവൽക്രോസിലെ ക്രോസ് ബാരിയർ ടിപ്പർ ലോറി ഇടിച്ചു തകർന്നു. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം മുടങ്ങി. ഇന്നലെ രാവിലെ 10.40ന് ഗേറ്റ് തുറന്നു കിടക്കുമ്പോഴാണ് സംഭവം. കറ്റാനം ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർലോറി റോഡിന്റെ വടക്കുവശം ചേർത്തെടുത്തപ്പോൾ ലവൽക്രോസിന്റെ ക്രോസ് ബാരിയറിലെ ചങ്ങല ഭാഗം ലോറിയിൽ കുടുങ്ങി. ഇതറിയാതെ ലോറി മുന്നോട്ടു നീങ്ങിയതോടെ ക്രോസ് ബാരിയറിന് തകരാർ സംഭവിക്കുകയായിരുന്നു. ഗേറ്റ് പിന്നീട് അടച്ചതിന് ശേഷം തുറന്നപ്പോൾ ക്രോസ് ബാരിയർ ശരിയായ വിധത്തിൽ ഉയർത്താൻ സാധിക്കാതെ വന്നതോടെ ഗേറ്റ് പൂർണമായി അടച്ചിടുകയായിരുന്നു. റെയിൽവേ എൻജിനി​യറിംഗ് വിഭാഗമെത്തി ഇന്ന് തകരാർ പരിഹരിച്ച ശേഷം മാത്രമേ ഗേറ്റ് തുറന്നു വാഹന ഗതാഗതം പുനരാരംഭിക്കൂ.