
ആലപ്പുഴ: സ്വർണക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചുപേർ കൂടി പിടിയിൽ. തിരുവല്ല ക്രോസ് ജംഗ്ഷൻ ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (37), പരുമല കൊട്ടയ്ക്കമാലി സുബീൻ (കൊച്ചുമോൻ-38), പരവൂർ മന്നം കാഞ്ഞിരപറമ്പിൽ അൽ ഷാദ് ഹമീദ്(30), പൊന്നാനി ആനപ്പടി പാലക്കൽ അബ്ദുൾ ഫഹദ് (35) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്.പി ആർ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാർ ഉൾപ്പെടെ രണ്ട് വഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. യുവതിയുടെ വീട്ടിലേക്കെത്താൻ പ്രതികൾക്ക് ഒത്താശ ചെയ്ത മാന്നാർ റാന്നി പറമ്പിൽ പീറ്ററിനെ (44) കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത്. ദുബായിലെ സ്വർണക്കടത്ത് ഇടനിലക്കാരൻ ഹനീഫ്, തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് പ്രഭ എന്നിവർക്ക് വേണ്ടി കൊടിവള്ളി കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. സംഘത്തെ സഹായിച്ച പീറ്ററിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രധാന പ്രതി ഫഹദിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇന്നലെ പുലർച്ചെ പൊന്നാനിയിലെ വീട്ടിൽ നിന്നാണ് ഫഹദിനെ പൊലീസ് പിടികൂടിയത്. പൊന്നാനി സ്വദേശി രാജേഷ് സഞ്ചരിച്ച വാഹനം ഓടിച്ചത് ഫഹദ് ആയിരുന്നു. വൈകിട്ട് ഇയാളെ മാന്നാറിൽ എത്തിച്ചു. അൻഷാദ് 40ൽ അധികം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പരവൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തട്ടിക്കൊണ്ടുപോകലിൽ അൻഷാദിന് നേരിട്ട് പങ്കുണ്ട്. റിനു വർഗീസിനെ തിരുവല്ലയിൽ നിന്നും ശിവപ്രസാദിനെ പരുമലയിലെ ബാറിൽ നിന്നും സുബീറിനെ വീടിനടുത്തു നിന്നുമാണ് പിടികൂടിയത്. തിരുവല്ല, പരുമല സ്വദേശികളാണ് യുവതിയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി വാഹനത്തിൽ കയറ്റി വിടാൻ സഹായിച്ചത്.
അറസ്റ്റിലായ പ്രതികളെ ഇന്നലെ വൈകിട്ട് ബിന്ദുവിന്റെ വീട്ടിലും മറ്റുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ചെങ്ങന്നൂർ കോടതിയിൽ ഇന്ന് ഹാജരാക്കും. 22 അംഗ അന്വേഷണസംഘം പലഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകലിന് വിധേയയായ ബിന്ദുവിനെ അടുത്ത ദിവസം കസ്റ്റംസ് ചോദ്യം ചെയ്യും.