
അമ്പലപ്പുഴ : തൊഴുത്തിൽ കെട്ടിയിരുന്ന ആടുകളെ മോഷ്ടിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാനം പാണ്ടിമുക്ക് പുതുവൽ സഫീനയുടെ വീട്ടിലെ തൊഴുത്തിൽ നിന്നും 3 ആടുകളെ മോഷ്ടിച്ച അമ്പലപ്പുഴ വടക്കു പഞ്ചായത്ത് വൃക്ഷവിലാസം തോപ്പിൽ പുരുഷന്റെ മകൻ മനു (32), വണ്ടാനം പുതുവൽ വീട്ടിൽ നൗഫൽ (32) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 24 ന് രാത്രി ഒരു മണിയോടെയായിരുന്നു മോഷണം .ഒരു ആടിനെ മാംസമാക്കി വിൽപ്പന നടത്തിയതായും, മറ്റ് രണ്ടാടുകളെ ബന്ധുവീട്ടിൽ ഒളിപ്പിച്ചതായും ചോദ്യം ചെയ്യലിൽ ഇവർ മൊഴി നൽകി. ഇവർക്ക് സഹായം നൽകിയ സുനിൽ എന്ന യുവാവിനായി തിരച്ചിൽ ഊർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ പി.പി.ജസ്റ്റിൻ, എ.എസ്.ഐ.സിദ്ദിഖ്, സീനിയർ സിവിൽ പൊലിസ് ഓഫീസർ അജീഷ്, സി.പി.ഒ പ്രദീപ്, ക്രൈംസ്കാഡ് അംഗം മാത്യു എന്നിവരാണ് പ്രതികളെ പിടികൂടിയത്. മനു നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു