ആലപ്പുഴ: കായംകുളം താപനി​ലയത്തി​ൽ സൗരോർജ്ജത്തി​ൽ നി​ന്നുള്ള വൈദ്യുതി​ ഉത്പാദനം ഏപ്രി​ൽ മൂന്നാം വാരത്തോടെ ആരംഭി​ക്കുന്നു. നാഫ്ത ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇതോടെ അവസാനിക്കും. 92 മെഗാവാട്ട് സോളാർ വൈദ്യുതിക്കുള്ള ജോലികൾ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ അഞ്ച് മെഗാവാട്ട് വൈദ്യുതിയുടെ ഉത്പാദനം കമ്മി​ഷൻ ചെയ്യും. അടുത്ത ഒക്ടോബർ മാസത്തോടെ പൂർണശേഷിയിൽ ഉത്പാദനം കൈവരിക്കും. 464.84കോടി രൂപയാണ് പദ്ധതി ചെലവ്.

അടുത്ത 25വർഷത്തേക്ക് 3.16രൂപ നിരക്കിൽ സോളാർ വൈദ്യുതി വാങ്ങാമെന്ന ധാരണാ പത്രത്തിൽ കെ.എസ്.ഇ.ബി ഒപ്പുവച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉപഭോക്താക്കൾക്ക് എത്തിക്കാനും സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം പരിഹരിക്കാനും കഴിയുമെന്ന വി​ശ്വാസത്തിലാണ് കെ.എസ്.ഇ.ബി. സംസ്ഥാനത്ത് പ്രതിദിനം 65 ദശലക്ഷത്തിൽ അധികം വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ആഭ്യന്തര ഉത്പാദനം 35 ദശലക്ഷം യൂണിറ്റാണ്. ബാക്കി കേന്ദ്രപൂളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമാണ് വാങ്ങുന്നത്.

#സോളാർ പദ്ധതി

1994ൽ കായംകുളം കായൽഫാമിന്റെ 900ഏക്കർ സ്ഥലം ഏറ്റെടുത്ത് താപനിലയം നിർമ്മിക്കാൻ കൈമാറി. തെക്കേ ബ്ളോക്കിലെ 480 ഏക്കർ വെള്ളക്കെട്ടിൽ 92 മെഗാവാട്ട് രണ്ടിടങ്ങളിലായി ഫ്‌ലോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിക്കുന്ന ജോലികൾ അവസാനഘട്ടത്തിൽ. ടാറ്റാ സോളാർ(70മെഗാവാട്ട്), ബി.എച്ച്.ഇ.എൽ(22മെഗാവാട്ട്) എന്നീ കമ്പനികളാണ് നിർമ്മാണ ജോലികൾ ഏറ്റെടുത്തത്. ടാറ്റാ സോളാറിന് 351.74 കോടിരൂപയ്ക്കും ബി.എച്ച്.ഇ.എൽ113.12കോടിക്കുമാണ് കരാർ. സോളാർ പ്ലാന്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ 2019 സെപ്റ്റംബർ 24 ആരംഭിച്ചത്. ടാറ്റാ കമ്പനി 310 ഏക്കർ സ്ഥലത്തും 22 മെഗാവാട്ടിന് ബി.എച്ച്.ഇ.എൽ 170 ഏക്കർ സ്ഥലത്താണ് ഫ്‌ളോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത്. ടാറ്റാ ഒക്ടോബറിലും ബി.എച്ച്.ഇ.എൽ അടുത്തമാസവും പദ്ധതി പൂർത്തികരിക്കുമെന്ന പ്രതീക്ഷയിലാണ്. രണ്ട് പദ്ധതിക്കുമായി 2.16ലക്ഷം സോളാർപാനലുകളാണ് സ്ഥാപിക്കുന്നത്.

#തുടക്കം നാഫ്തയിൽ

കായംകുളം താപനിലയത്തിൽ 1999ൽ ആണ് നാഫ്ത ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ചത്. ആദ്യഘട്ടം 350മെഗാവാട്ട് ശേഷിയുള്ള താപനിലയും നാഫ് താ ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തിന് ചിലവ് കൂടുതലായതിനാൽ കെ.എസ്.ഇ.ബി വൈദ്യുതി എടുക്കാതെ വന്നതോടെ 2015 ജനുവരി മുതൽ നിലയത്തിൽ നിന്നുള്ള ഉത്പാദനം പൂർണമായും നിറുത്തി. വർഷത്തിൽ ഒന്നോ രണ്ടോ ദിവസം പ്രവർത്തന ക്ഷമത പരിശോധിക്കാൻ പ്ളാന്റ് പ്രവർത്തിപ്പിക്കും. നാഫ്തയുടെ വൈദ്യുതി ഏഴുമുതൽ 14രൂപയ്ക്കാണ് ബോർഡ് വാങ്ങി വിലകുറച്ച് വിൽക്കേണ്ടി വന്നതിനാൽ വലിയ നഷ്ടം സഹിക്കേണ്ടി വന്നതിനെ തുടർന്ന് വൈദ്യുതി വാങ്ങാതായി. കെ.എസ്.ഇ.ബി വാർഷിക ഫിക്സഡ് ചാർജായി 100കോടി എൻ.ടി.പി.സിക്കു നൽകുന്നുണ്ട്. പവർ പർച്ചേസ് കരാർ അനുസരിച്ച് 2025 ഫെബ്രുവരി 28 വരെയാണ് ഫിക്സഡ് ചാർജ് നൽകേണ്ടത്.

464.84

464.84 കോടി രൂപയാണ് പദ്ധതിക്കായി

ചെലവഴിക്കുന്നത്.

................................................

കായംകുളം താപനിലയം

# 350 മെഗാവാട്ട് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള രണ്ട് ഗ്യാസ് ടർബൈനും രണ്ട് സ്റ്റീം ടർബൈനും

# പ്രകൃതി വാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആധുനിക സംവിധാനം

# നിലവിൽ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നില്ല

................................................

സോളാർ

# സോളാർ പദ്ധതി- 92 മെഗാവാട്ട്

# അടുത്തമാസം-5 മെഗാവാട്ട്

#പൂർണ ശേഷി ഒക്ടോബറിൽ

# സ്ഥാപിക്കുന്ന സോളാർപാനൽ - 2.16ലക്ഷം

# 25 വർഷത്തേക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന്- 3.16രൂപ

"പ്ലാന്റ് നഷ്ടത്തിലായതിനാൽ കേന്ദ്രീയ വിദ്യാലയത്തിന് എൻ.ടി .പി.സി നൽകിയിരുന്ന പ്രതിവർഷം നാല് കോടിരൂപയുടെ സാമ്പത്തിക സഹായം അടുത്ത അദ്ധ്യയന വർഷത്തോടെ അവസാനിപ്പിക്കും. സ്‌കൂളിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടം, വൈദ്യുതി ,വെള്ളം എന്നിവയും നൽകും.

ബി.വി.കൃഷ്ണ, ജനറൽ മാനേജർ, എൻ.ടി.പി.സി

................................................