
ആലപ്പുഴ : പതിരിന്റെ പേരിൽ കൂടുതൽ കിഴിവു നൽകണമെന്ന മില്ലുകാരുടെ കടുംപിടുത്തം കാരണം ആലപ്പുഴ നഗരസഭയിലെ കന്നിട്ട സെന്റർ പാടശേഖരത്തിലെ നെല്ല് സംഭരണം വൈകുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. വേനൽമഴ ഏത് സമയവും പെയ്ത് നെല്ല് നശിക്കുമെന്നതാണ് കർഷകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്.
നൂറു കിലോ നെല്ല് സംഭരിക്കുമ്പോൾ ഒൻപത് കിലോ വരെ കിഴിവ് നൽകണമെന്നാണ് സപ്ളൈകോ സംഭരണത്തിനായി നിയോഗിച്ച മില്ലുകാരുടെ ആവശ്യം. ഈർപ്പവും പതിരും ഇല്ലാത്ത നെല്ലിന് ഇത്രയും കിഴിവ് നൽകാൻ കഴിയില്ലെന്നും രണ്ട് കിലോഗ്രാം കിഴിവ് നൽകാമെന്നുമാണ് കർഷകരുടെ നിലപാട്. ഇവിടുത്തെ നെല്ലിൽ പതിരിന്റെ അളവ് പരിശോധിച്ചപ്പോൾ 11.6ശതമാനമാനമേയുള്ളുവെന്ന് കർഷകർ പറയുന്നു. പതിര് 15.8ശതമാനം ഉണ്ടെങ്കിൽ മാത്രം കിഴിവ് നൽകിയാൽ മതിയെന്നാണ് കൃഷി വകുപ്പിന്റെ നിർദേശം. ഓരോ കർഷകന്റെയും നെല്ല് പാഡി ഓഫീസർ പരിശോധിക്കണമെന്നാണ് നിർദേശമെങ്കിലും, ഇതിന് വിരുദ്ധമായി മില്ല് ഉടമകളോ ഇടനിലക്കാരോ ഒരു പാടശേഖരത്ത് എത്തി വിവിധ കർഷകരുടെ നെല്ല് സാമ്പിളായി ശേഖരിച്ച ശേഷം ഒന്നിച്ച് കലർത്തി അതിൽ നിന്നെടുത്താണ് പരിശോധിക്കുന്നത്. ഇത്തരത്തിലുള്ള പരിശോധനയിൽ നല്ല നെല്ല് വിളഞ്ഞ കർഷകരും മോശം നെല്ല് വിളഞ്ഞ കർഷകനും ഒരേ നിലവാരത്തിൽ കിഴിവ് നൽകേണ്ടിവരുന്നത് കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കാറുണ്ട്.ഇതിനെതിരെ പാടശേഖരത്തിലെ ചിലകർഷകർ നൽകിയ പരാതി കളക്ടർ തുടർ നടപടിക്കായി കൃഷി ജോയിന്റ് ഡയറക്ടർക്ക് കൈമാറി.
പരാതി വ്യാപകം
കഴിഞ്ഞ ദിവസം ആലപ്പുഴ ദേവസ്വംകരി പാടശേഖരത്തിൽ 11കിലോ കിഴിവ് മില്ലുകാർ ആവശ്യപ്പെട്ടതെന്ന പരാതിയുമായി കർഷകർ രംഗത്ത് എത്തിയിരുന്നു. കരുവാറ്റ തെറ്റികളം പാടശേഖരത്തിൽ വിളവെടുപ്പ് പൂർത്തികരിച്ച നെല്ല് പാടത്തിന്റെ പുറം ബണ്ടുകളിൽ കൂട്ടിയിട്ടിട്ട് ഏഴ് ദിവസം കഴിഞ്ഞു. പാഡി ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തിയ മില്ലുകാർ അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് മടങ്ങി. നെല്ല് ഉത്പാദകസമിതി ഭാരവാഹികൾ മില്ലുകാരുമായി ബന്ധപെട്ടപ്പോൾ മില്ലുകാർ ഒഴിഞ്ഞുമാറി. ഇന്നലെ പാഡിഓഫീസുമായി ബന്ധപെട്ടപ്പോൾ മറ്റോരു മില്ലുകാർക്ക് ചുമതല നൽകിയെന്നും അടുത്ത ദിവസം മുതൽ സംഭരണം നടക്കുമെന്നുമാണ് കർഷകർക്ക് വിവരം ലഭിച്ചിട്ടുള്ളത്.
കന്നിട്ട സെന്റർ പാടശേഖരം
വിസ്തൃതി : 326 ഏക്കർ
കർഷകർ : 230
" ഓരോ കർഷകന്റെയും നെല്ല് സാമ്പിൾ ശേഖരിച്ച് പതിര്, ഈർപ്പം, കറവൽ എന്നിവ പരിശോധിക്കാൻ കളക്ടർ കൃഷിവകുപ്പിന് നിർദേശം നൽകി. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട കർഷകരുടെ പരാതിയെ തുടർന്ന് കൃഷി ജോയിന്റ് ഡയറക്ടറെ വിളിച്ചു വരുത്തിയാണ് നിർദേശം നൽകിയത്.
കർഷക കൂട്ടായ്മ,
കന്നിട്ട സെന്റർ പാടശേഖരം