s

ആലപ്പുഴ : തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയെങ്കിലും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കരുതലോടെ നീങ്ങി മുന്നണികൾ. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മാത്രമല്ല, കേരളമാകെ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ഇടതു മുന്നണിയോടൊപ്പം ഉറച്ചു നിന്ന ജില്ലയാണ് ആലപ്പുഴ. ബൈപാസ് ഉൾപ്പെടെയുള്ള വികസന നേട്ടങ്ങൾ നിരത്തിചുവപ്പു കോട്ട നിലനിർത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. പരമ്പരാഗത വ്യവസായ മേഖലയുടേയും തൊഴിൽ മേഖലയുടേയും തകർച്ച ചൂണ്ടിക്കാട്ടിയാണ് യു.ഡി എഫ് പ്രതിരോധം തീർക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ നിരത്തി എൻ.ഡി.എയും സജീവമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഒമ്പത് മണ്ഡലങ്ങളിൽ ഹരിപ്പാട് ഒഴികെ എല്ലാം എൽ.ഡി.എഫിനോടൊപ്പമായിരുന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അരൂർ യു.ഡി.എഫ് പിടിച്ചെടുത്തു.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും മണ്ഡലങ്ങളിൽ മത്സരിക്കാൻ സാദ്ധ്യതയുള്ളവരുടെ പേരുകളെപ്പറ്റി ചർച്ച സജീവമാണ്.

അരൂർ

കോൺഗ്രസ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.എൽ.എ ഷാനിമോൾ ഉസ്മാൻ തന്നെ മത്സരിക്കും. ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം നഷ്‌ടപ്പെട്ടതോടെ സി.പി.എമ്മിലുണ്ടായ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. സ്ഥാനാർത്ഥി നിർണയത്തിലും ഇത് പ്രതിഫലിച്ചേക്കും. മനു സി. പുളിക്കലാണ് ഉപതിരഞ്ഞെടുപ്പിൽ ഷാനിമോളോട് പരാജയപ്പെട്ടത്. ഇത്തവണ എൽ.ഡി.എഫിൽ നിന്ന് പല പേരുകൾ ഉയരുന്നുണ്ടെങ്കിലും നേതൃത്വം മനസ് തുറന്നിട്ടില്ല. എൽ.ഡി.എയിൽ ബി.ഡി.ജെ.എസിന് സീറ്റ് നൽകാനാണ് സാദ്ധ്യത.

ചേർത്തല

മൂന്നു തവണ വിജയിച്ചതോടെ സി.പി.ഐ നയമനുസരിച്ച് മന്ത്രി പി. തിലോത്തമൻ മത്സരരംഗത്തുണ്ടാകില്ല. ഏതെങ്കിലും യുവനേതാവിനെ പരിഗണിക്കാനാണ് സാധ്യത. കോൺഗ്രസ് സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച എസ്. ശരത്തിന്റെ പേര് ഇത്തവണയും ഉയർന്നിട്ടുണ്ട്. എൻ.ഡി.എയിൽ ബി.ഡി.ജെ.എസിനാണ് സീറ്റ്.

കുട്ടനാട്

ഇടതുമുന്നണിയിൽ എൻ.സി.പിക്കാണ് സീറ്റ് . മുൻമന്ത്രി തോമസ് ചാണ്ടിയുടെ അനുജൻ തോമസ്. കെ. തോമസ് സ്ഥാനാർത്ഥിയാകും. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാമിനാണ് സാദ്ധ്യത. കഴിഞ്ഞ തവണ 30,000 ത്തിലധികം വോട്ടുകൾ ബി.ഡി.ജെ.എസ് ഇവിടെ നേടിയിരുന്നു.

ചെങ്ങന്നൂർ

സിറ്റിംഗ് എം.എൽ.എയായ സജി ചെറിയാൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. പി.സി. വിഷ്‌ണുനാഥിനെ രംഗത്തിറക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലവുമാണ്.

അമ്പലപ്പുഴ

പാർട്ടി ഇളവ് നൽകിയാൽ മന്ത്രി ജി. സുധാകരൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. സുധാകരൻ മത്സരരംഗത്തില്ലെങ്കിലേ മറ്റ് പേരുകൾക്ക് പ്രസക്തിയുള്ളൂ. എൽ.ജെ.ഡി മുന്നണി വിട്ടതോടെ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കാനാണ് സാദ്ധ്യത. നേതാക്കളുടെ നീണ്ട നിര സീറ്റിനായി ക്യുവിലാണ്. ബി.ജെ.പിയും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

മാവേലിക്കര

രണ്ടു തവണ വിജയിച്ച ആർ. രാജേഷ് എം.എൽ.എയ്ക് പാർട്ടി ഇളവു നൽകിയാൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. കോൺഗ്രസിൽ പുതുമുഖത്തെ പരീക്ഷിക്കാനാണ് നീക്കം. ബി.ജെ.പിയും ഇതേ പാതയിലാണ്.

ആലപ്പുഴ

സി.പി.എമ്മിന്റെ ഇളവ് ലഭിച്ചാൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മന്ത്രി തോമസ് ഐസക് കളത്തിലിറങ്ങും. കോൺഗ്രസ് സ്ഥാനാർത്ഥിയായി മുൻ എം.പി. മനോജ് കുരിശുങ്കൽ എത്താനാണ് സാദ്ധ്യത.

കായംകുളം

സിറ്റിംഗ് എം.എൽ.എ യു. പ്രതിഭ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. നേതാക്കളുടെ നീണ്ട നിരയുള്ളതിനാൽ കോൺഗ്രസിൽ ചർച്ചകൾ നടക്കുന്നതേയുള്ളൂ. ഡി.സി.സി പ്രസിഡന്റ് എം. ലിജുവിന് സാദ്ധ്യതയുണ്ട്. എൽ.ഡി.എയിൽ ബി.ഡി.ജെ.എസിനാണ് സീറ്റ്

ഹരിപ്പാട്

യു.ഡി.എഫിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കും. ഇടതുമുന്നണിയിൽ സി.പി.ഐക്കാണ് സീറ്റ്. സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ഏറ്റവും കുറവ് വോട്ടു കിട്ടിയ മണ്ഡലമാണ്.