s

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടമുൾപ്പടെയുള്ളവയുടെ ലംഘനവും അനധികൃത സാമ്പത്തിക ഇടപാടുകളും നിരീക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലായി വിവിധ സ്‌ക്വാഡുകളെ നിയോഗിച്ചു. ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവെയ്ലൻസ് ടീം, ആന്റി ഡിഫെയ്സ്‌മെന്റ് സ്‌ക്വാഡ്, വീഡിയോ സർവയ്ലൻസ് ടീം തുടങ്ങിയ 4സ്‌ക്വാഡുകളാണ് പ്രവർത്തിക്കുക.

ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലൂടെ പണം, മദ്യം, ആയുധം തുടങ്ങിയവയുടെ അനധികൃതമായ കടത്ത്, വിതരണം സമൂഹദ്രോഹ നടപടികൾ എന്നിവ നിരീക്ഷിക്കുവാനായാണ് സ്റ്റാറ്റിക് സർവെയ്ലൻസ് ടീമിനെ നിയോഗിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ടീയ പ്രവ്രർത്തനങ്ങൾ, പെരുമാറ്റചട്ട ലംഘനങ്ങൾ നിരീക്ഷിക്കുക എന്നിവയാണ് മണ്ഡല അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുള്ള വീഡിയോ സർവയ്ലൻസ് ടീമിന്റെ ലക്ഷ്യം. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകൾ, ബോർഡുകൾ, ഫ്ളെക്സുകൾ മുതലായവ നീക്കം ചെയ്യുന്നതിനായാണ് ഒമ്പത് അംഗ ആന്റി ഡിഫെയ്സ്‌മെന്റ് സ്‌ക്വാഡിനെ മണ്ഡല അടിസ്ഥാനത്തിൽ നിയോഗിച്ചിട്ടുള്ളത്.