photo

ആലപ്പുഴ : മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അറസ്റ്റിലായ അഞ്ചുപ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പിടിയിലായ പൊന്നാനി ആനപ്പടി പാലക്കൽ അബ്ദുൾ ഫഹദ്, പറവൂർ മന്നം കാഞ്ഞിരപറമ്പിൽ അൽഷാദ് ഹമീദ്, തിരുവല്ല ശങ്കരമംഗലം വിട്ടിൽ ബിനോ വർഗീസ്, പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ്, പരുമല കോട്ടയ്ക്കമാലി സുബിൻ കൊച്ചുമോൻ എന്നിവരുമായിട്ടായിരുന്നു തെളിവെടുപ്പ്. യുവതിയുടെ വീട് ആക്രമിക്കാൻ ഉപയോഗിച്ച വടിവാൾ, കമ്പിപ്പാര തുടങ്ങിയവ കുരട്ടിക്കാട് കോട്ടയ്ക്കൽ കടവിൽ പാലത്തിൽ നിന്ന് ആറ്റിലേക്ക് എറിഞ്ഞുവെന്ന് പ്രതികൾ പറഞ്ഞതനുസരിച്ച് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വീയപുരം പൊലീസ് സ്റ്റേഷനിൽനിന്ന് സ്പീഡ് ബോട്ട് എത്തിച്ച് ജില്ലാ ബോംബ് സ്‌ക്വാഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ഇന്നലെ വൈകുന്നേരം വരെ ആയുധങ്ങൾക്കായി തെരച്ചിൽ നടത്തിയിരുന്നു.

തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വിശദമായ ചോദ്യംചെയ്യലിന് കസ്റ്റഡിയിൽ കിട്ടാൻ അടുത്ത ദിവസം അപേക്ഷ നൽകുമെന്ന് ചെങ്ങന്നൂർ ഡിവൈ എസ്.പി പി ആർ. ജോസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ളവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.