മുതുകുളം: കണ്ടല്ലൂരിന്റെ തെക്കൻ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം .ആറാട്ടുപുഴ പഞ്ചായത്ത് അഞ്ചാം വാർഡ് ,കണ്ടല്ലൂർ പഞ്ചായത്ത് 9,10 വാർഡുകളും ദേവികുളങ്ങര പഞ്ചായത്ത് 12-ാം വാർഡിന്റെ കണ്ടല്ലൂർ തെക്ക് ഭാഗവും ഉൾപ്പെടുന്ന പ്രദേശത്താണ് ശുദ്ധജല ക്ഷാമം. പൈപ്പ് ജംഗ്ഷനിലെ വാട്ടർടാങ്ക് പ്രവർത്തന രഹിതമായതാണ് പ്രശ്നം. പകരം സ്ഥാപിച്ച അഞ്ച് കുഴൽ കിണറുകളിൽ മൂന്ന് എണ്ണമാണ് കുറച്ചു നാളുകൾക്ക് മുൻപ് വരെ പ്രവർത്തിച്ചത്. ഇതിൽ രണ്ട് കുഴൽകിണറുകൾ കൂടി പണിമുടക്കിയതോടെ ജനം ദുരിതത്തിലായി. ഒരാഴ്ച്ച മുൻപ് നിലവിലുള്ള കുഴൽ കിണറും പ്രവർത്തന രഹിതമായതോടെ ജലവിതരണം പൂർണമായും നിലച്ച മട്ടാണ്. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ ഈ മേഖലയിൽ വീടുകളിൽ കിണർ കുഴിക്കാനും സാധിക്കില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തു നിന്ന് കുടിവെള്ളം എത്തിക്കുകയാണ് ശ്വാശ്വത പരിഹാരം. ഹരിപ്പാട് - ആറാട്ടുപുഴ കുടിവെള്ള പദ്ധതി ഫലപ്രദമായി വിനിയോഗിച്ചാൽ ,ഈ പ്രദേശത്തെ ജല ദൗർലഭ്യതക്ക് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. ഇതിന് കണ്ടല്ലൂരിന്റെ തെക്കൻ പ്രദേശങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കണം. കുടിവെള്ള ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് പ്രദേശ വാസികൾ മുന്നറിയിപ്പ് നൽകി.