photo

ചേർത്തല:വയലാറിൽ ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും ഇതിന് പിന്നിലെ ഗൂഢാലോചനപുറത്തുകൊണ്ടുവരണമെന്നും കേന്ദ്ര ഖനി -പാർലമെന്ററികാര്യ സഹമന്ത്റി പ്രഹ്ലാദ്‌ ജോഷിയും വിദേശ -പർലമെന്ററി കാര്യ സഹമന്ത്റി വി.മുരളീധരനും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട നന്ദുകൃഷ്ണയുടെയും പരിക്കേ​റ്റ എസ്.എം. നന്ദുവിന്റെയും വീടുകൾ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
യഥാർത്ഥ പ്രതികളെ പിടികൂടിയില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ഇതിനായി വിവരങ്ങൾ തേടുമെന്നും മന്ത്റിമാർ പറഞ്ഞു. ഇടതു വലതു മുന്നണികൾ ഒളിഞ്ഞും തളിഞ്ഞും കൊലപാതകികളെ സഹായിക്കുകയണെന്നും തീവ്രവാദ സംഘടനകളെ പിന്തുണക്കുന്ന സ്ഥിതി തുടർന്നാൽ സി.പി.എമ്മിന് ബംഗാളിലെ സ്ഥിതിവരും . സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള സംഘടനകളാണ് പലപേരുകളിൽ പ്രവർത്തിക്കുന്നത്. ഇത്തരം സംഘടനകളെ നിരോധിക്കുന്ന കാര്യം നിയമപരമായി പരിശോധിച്ചു നടപടി സ്വീകരിക്കും.അക്രമങ്ങളിലൂടെ ബി.ജെ.പിയുടെ വളർച്ചയെ തടയാമെന്ന് കരുതുന്നത് പാർട്ടിയുടെ ചരിത്രം അറിയാത്തതുകൊണ്ടാണെന്നും അക്രമത്തിനിരയായവരുടെ സംരക്ഷണം ബി.ജെ.പി സംസ്ഥാന ഘടകം ഏറ്റെടുക്കുമെന്നും മന്ത്രിമാർ പറഞ്ഞു.രാവിലെ പതിനൊന്നോടെയാണ് ഇരുകേന്ദ്രമന്ത്റിമാരും വയലാറിലെത്തിയത്. ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി എൽ.ഗണേശ്,മേഖല സംഘടനാ സെക്രട്ടറിമാരായ സുരേഷ്,എൽ.പത്മകുമാർ, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ,വെള്ളിയാകുളം പരമേശ്വരൻ,പി.കെ. ബിനോയ്, ഡി.അശ്വനീദേവ്,പി.കെ.വാസുദേവൻ,എൽ.പി.ജയചന്ദ്രൻ,വിമൽ രവീന്ദ്രൻ,ടി.സജീവ് ലാൽ,അഭിലാഷ് മാപ്പറമ്പിൽ,തിരുനെല്ലൂർ ബൈജു, സി.മധുസൂദനൻ, ആശ മഹേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.