t

ആലപ്പുഴ: സൗരോർജ്ജം ഉപയോഗിച്ച് ഹൗസ്ബോട്ടുകൾ പ്രവർത്തിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കെങ്കേമമായെങ്കിലും ഉദ്ഘാടനത്തിന് അണിയിച്ചൊരുക്കിയ ബോട്ടിൽ മാത്രമായി 'സൗരോർജ്ജം' ഒതുങ്ങി! സംവിധാനം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഹൗസ്ബോട്ട് ഉടമകൾ പരിഭവപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട് പിന്നീട് കൂടിയാലോചനകളോ ചർച്ചകളോ നടന്നിട്ടില്ലെന്നാണ് ആരോപണം. ഒരു സ്വകാര്യ ബോട്ടിലാണ് സൗരോർജ്ജ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത്. ബോട്ടുകൾ സൗരോർജ്ജത്തിലേക്ക് മാറുന്നതോടെ മലിനീകരണം കുറയ്ക്കാനും കൂടുതൽ ഊർജ്ജം ലാഭിക്കാനും സാധിക്കുമെന്നതാണ് നേട്ടം. വെളിച്ചത്തിനും താപനിയന്ത്രണത്തിനും സാധാണ ഗതിയിൽ പെട്രോൾ, ഡീസൽ ജനറേറ്ററുകളും ബാറ്ററികളുമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതു മൂലം പുറന്തള്ളുന്ന കാർബൺഡൈ ഓക്സൈഡിന്റെ അളവ് കുറച്ച് ഹൗസ് ബോട്ടുകളെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ട്, എനർജി മാനേജ്മെന്റ് സെന്റർ, കേന്ദ്ര ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി കേന്ദ്രമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡാക്ക് എന്നിവയുമായി സഹകരിച്ചാണ് പരിസ്ഥിതി സൗഹൃദ സൗരോർജ്ജ ഹൗസ് ബോട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹൗസ് ബോട്ട് ഉടമകളുമായി കൂടിയാലോചന നടത്തി എല്ലാ ബോട്ടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടി ഇനിയും ഇഴഞ്ഞാൽ, ഈ മേഖലയിലെ മറ്റു പലതും പോലെ സൗരോർജ്ജ പദ്ധതിയും വെള്ളത്തിലാകുമെന്ന് ഉമകൾ ആരോപിക്കുന്നു.

 ഗ്രാൻഡ് ത്രിശങ്കുവിൽ

ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് വേണ്ടി സർക്കാർ പ്രഖ്യാപിച്ച ഗ്രാൻഡ് ലഭ്യമാകുന്നില്ലെന്ന് പരാതി. പോർട്ട് അധികൃതർ പരിശോധന നടത്തി റിപ്പോർട്ട് ടൂറിസം വകുപ്പിന് സമർപ്പിച്ചിട്ട് നാളുകളായി. എന്നാൽ ഗ്രാൻഡ് കൈമാറുന്ന കാര്യത്തിൽ അലംഭാവം തുടരുകയാണെന്ന് ഉടമകൾ ആരോപിക്കുന്നു.

 പാരയായി കൊവിഡ്

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് കർശനമാക്കിയത് ഹൗസ് ബോട്ട് രംഗത്തെ പുതിയ പ്രതിസന്ധിയായി. കേരള അതിർത്തിക്കപ്പുറത്തുള്ള ഒരാൾ വരുമ്പോഴും പോകുമ്പോഴും കൊവിഡ് ടെസ്റ്റ് നടത്തണം. പരിശോധന ഇനത്തിൽ മാത്രം 3400 രൂപ ചെലവാകും. ഇത് മൂലം അന്യ സംസ്ഥാന സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറയുന്നുണ്ട്. ബുക്കിംഗുകൾ പലതും റദ്ദാകുന്നു. കേരളത്തിലെ സഞ്ചാരികൾ ബുക്ക് ചെയ്യുന്ന ഡേ ക്രൂയിസ് യാത്രകൾ മാത്രമാണ് അവധി ദിവസങ്ങളിൽ നിലവിൽ ഹൗസ് ബോട്ടുകൾക്ക് ലഭിക്കുന്നത്.

..................................

ഇടക്കാലത്ത് സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെങ്കിലും അതിർത്തി കടന്നെത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതോടെ സഞ്ചാരികളുടെ വരവ് നിലച്ചു. ബോട്ടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് യാതൊരു കൂടിയോലോചനകളും നടന്നിട്ടില്ല. ബോട്ടുകൾക്ക് ലഭിക്കാറുള്ള ഗ്രാൻഡ് കൃതമായി വിതരണം ചെയ്യാനുള്ള നടപടി അടയന്തിരമായി സ്വീകരിക്കണം

പി.ജെ.ജോസഫ്, ഹൗസ് ബോട്ട് ഓണേഴ്സ് സമിതി