ആലപ്പുഴ: സ്വർണക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊന്നാനി, കൊടുവള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. സംഘത്തിന്റെ മർദ്ദനമേറ്റ് നട്ടെല്ലിന് പൊട്ടലുണ്ടായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഇന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.

ദുബായിലെ സ്വർണക്കടത്ത് ഇടനിലക്കാരൻ ഹനീഫ്, തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് പ്രഭ എന്നിവർക്കും ഇവരുടെ സഹായികൾക്കും വേണ്ടിയാണ് അന്വേഷണം തുടരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റു ചെയ്തിരുന്നു. റിമാഡിൽ കഴിയുന്ന പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ചെങ്ങന്നൂർ ഡിവൈ എസ്.പി പി.ആർ. ജോസിന്റെ നേതൃത്വത്തിൽ 24 അംഗ അന്വേഷണസംഘം പലഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രതികൾക്കായുള്ള തിരച്ചിൽ നടത്തുന്നത്. ബിന്ദു ആശുപത്രി വിട്ടതിന് ശേഷം കസ്റ്റംസ് ചോദ്യം ചെയ്യും.