
ലോകം എക്കാലത്തും അഭിമുഖീകരിച്ച ഏറ്റവും വലിയ ചോദ്യം അഭയാർത്ഥികൾ തന്നെയാണെന്നതിൽ രണ്ടഭിപ്രായമില്ല. ആഭ്യന്തരകലാപവും പട്ടിണിയും പ്രകൃതി ദുരന്തങ്ങളും ബാക്കിയാക്കുന്ന ജീവനെയെങ്കിലും രക്ഷിക്കാൻ ജീവിതവും സമ്പാദ്യങ്ങളും വാറുപൊട്ടിയ ചെരുപ്പ് കണക്കെ പിന്നിലുപേക്ഷിച്ച് മറുകരതേടുന്ന മനുഷ്യർ. യാത്രയ്‌ക്കിടെ കാട്ടിലും കടലിലും മരുഭൂമിയിലും അസ്തമിച്ച് പോകുന്ന സ്വപ്നങ്ങൾ. മറുകരയിലെത്തിയാലോ, അവിടെ നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ. റോഹിംഗ്യകളും പലസ്തീനികളും ആഫ്രിക്കൻ വംശജരുമടക്കം ലക്ഷങ്ങളാണ് അഭയാർത്ഥികളായി ലോകത്ത് അലഞ്ഞു കൊണ്ടിരിക്കുന്നത്. പലപ്പോഴും അഭയാർത്ഥി ക്യാമ്പുകളിൽ എരിഞ്ഞു തീരുന്ന ഇക്കൂട്ടർ എന്നുമൊരു വേദനയാണ്.
മറ്റൊരു രാജ്യത്തേക്ക് മാത്രമല്ല സംസ്ഥാനം ഉപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളിൽ അഭയം തേടുന്നവരുമുണ്ട് ഈ അഭയാർത്ഥി പട്ടികയിൽ. 23 വർഷം മുൻപ് മിസോറാമിൽ നിന്ന് കുടിയിറക്കപ്പെട്ട ബ്രൂ വംശജരെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സ്വപ്നങ്ങളെല്ലാം മാതൃഭൂമിയിൽ ഉപേക്ഷിച്ച് ഉടുതുണിയുമായി പടിയിറങ്ങിയ ബ്രൂ വംശജർ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. തങ്ങളെ വേണ്ടാത്ത മിസോറാമിന് ബൈ പറഞ്ഞ് തങ്ങൾക്ക് ഇടമേകിയ ത്രിപുരയെ ചേർത്തുപിടിച്ച ഒരു കൂട്ടം മനുഷ്യരെ അറിയാം!!!
സ്വത്വപ്രശ്‌നം
കാശ്മീരി പണ്ഡിറ്റുകളുടെയും ശ്രീലങ്കൻ തമിഴ് അഭയാർത്ഥികളുടെയുമൊക്കെ പ്രശ്‌നങ്ങൾ പലതവണ രാജ്യശ്രദ്ധ നേടിയപ്പോഴും ഇവരെക്കാളൊക്കെ ദുരിതമനുഭവിച്ച് 23 വർഷമായി അഭയാർത്ഥി ക്യാംപിൽ കഴിയുന്ന ബ്രൂ വംശജർക്ക് ഒരിക്കലും കാര്യമായ ജനശ്രദ്ധ കിട്ടിയില്ല.
മിസോറം ജനസംഖ്യയുടെ 95 ശതമാനത്തോളം ക്രിസ്തുമത വിശ്വാസികളായ പട്ടികജാതിക്കാരാണ്. ഗോത്രവർഗക്കാരായ ബ്രൂ (റിയാംഗ്), അതിർത്തി രാജ്യങ്ങളായ ബംഗ്ലദേശിൽ നിന്നും മ്യാൻമറിൽനിന്നും കുടിയേറിയ ബുദ്ധമത വിശ്വാസികളായ ചാക്മ തുടങ്ങിയവരാണ് ശേഷിക്കുന്ന ന്യൂനപക്ഷം. കാലങ്ങളോളം സ്വത്വപ്രശ്‌നമുയർത്തി നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് മിസോറം ആദ്യം കേന്ദ്രഭരണ പ്രദേശമായും പിൽക്കാലത്ത് സംസ്ഥാനമായും അസമിൽ നിന്ന് വേർപെട്ടത്. അതേസമയം, സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ മിസോ പൗരൻമാരായി അംഗീകരിക്കാൻ അവർ അന്നുമിന്നും തയാറല്ലതാനും. കുടിയേറി വന്ന ചാക്മ വിഭാഗത്തെ, ഇവർക്ക് ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടു കൂടി, അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയയ്ക്കണമെന്നാണു മിസോ ജനതയുടെ ആവശ്യം. സമാന നിലപാടാണ് ബ്രൂ വംശജരുടെ കാര്യത്തിലും.
വിവിധ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ആദിവാസി ഗോത്രവിഭാഗക്കാരാണ് ബ്രൂ വംശം. മിസോറാമിൽ മാമിത്, കോലാസിബ് ജില്ലകളിലായാണ് ഇവർ താമസിച്ചത്. ബ്രൂ വർഗക്കാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി 1995ൽ യംഗ് മിസോ അസോസിയേഷൻ, മിസോ സ്റ്റുഡന്റ്‌സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിഷേധം ഇരുകൂട്ടരും തമ്മിലുള്ള വലിയ സംഘർഷത്തിലാണ് കലാശിച്ചത്. ബ്രൂ നാഷനൽ ലിബറേഷൻ ഫ്രണ്ട് (ബി.എൻ.എൽ.എഫ്.) എന്ന തീവ്രവാദ സംഘടനയും ബ്രൂ നാഷനൽ യൂണിയൻ (ബി.എൻ.യു.) എന്ന രാഷ്ട്രീയ സംഘടനയും ന്യൂനപക്ഷ സമൂഹത്തിൽ നിന്നു പിറവിയെടുത്തു. പിന്നാലെ മിസോ– ബ്രൂ സമൂഹങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും സംഘർഷവും പതിവായി.
ഒക്ടോബറിലെ കാളരാത്രി
1997 ഒക്ടോബർ 21ന് ബി.എൻ.എൽ.എഫ്. തീവ്രവാദികൾ തദ്ദേശീയനായ വനംവകുപ്പ് ജീവനക്കാരനെ വധിച്ചതോടെ ചിത്രം മാറി. വലിയ കലാപമാണ് പിന്നീട് അരങ്ങേറിയത്. 16 ഗ്രാമങ്ങളിലെ 325 ബ്രൂ വീടുകൾ മിസോ കലാപകാരികൾ കത്തിച്ചതായാണ് പൊലീസ് കണക്കുകൾ. 41 ഗ്രാമങ്ങളിലെ 1391 വീടുകൾ തീവച്ചു നശിപ്പിച്ചെന്നും സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും ഏതാനും പേരെ കൊലപ്പെടുത്തിയെന്നും അനൗദ്യോഗിക കണക്കുകൾ. കലാപത്തിന് പിന്നാലെ ബ്രൂ വംശജർക്ക് മിസോറാമിൽ നിന്ന് കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വന്നു. ആയിരക്കണക്കിന് കുടുംബങ്ങൾ, മുപ്പതിനായിരത്തിലേറെ ആളുകൾ കയ്യിൽ കിട്ടിയതൊക്കെയെടുത്ത് നാടുവിട്ടു. സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിലുള്ള വടക്കൻ ത്രിപുരയിലെ കാഞ്ചൻപുരിലും പനിസാഗറിലുമായി ആറ് അഭയാർത്ഥി ക്യാംപുകളൊരുക്കി ത്രിപുര സർക്കാർ ഇവർക്ക് അഭയമേകി. 24 വർഷം പിന്നിട്ടു. ഇന്നും ഈ അഭയാർത്ഥി ക്യാംപുകളിൽ കഴിയുകയാണ് അന്ന് പലായനം ചെയ്തവരും പിൻമുറക്കാരും. ഇപ്പോൾ ആകെ 5407 കുടുംബങ്ങൾ, 32,876 പേർ.
തിരികെ മടങ്ങി ചിലർ
സൗജന്യ റേഷനും സാമ്പത്തിക സഹായവും ആനുകൂല്യങ്ങളും നൽകി ഇനിയും ഇവരെ സംരക്ഷിക്കുക ത്രിപുരയ്ക്ക് അപ്രായോഗികമായപ്പോൾ, കേന്ദ്രസർക്കാർ ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിൽ ഇവരെ തിരിച്ചയയ്ക്കാൻ പദ്ധതി തയാറാക്കി. 2014ൽ 1,622 പേർ മിസോറാമിലേക്ക് മടങ്ങി. 2018ൽ 328 കുടുംബങ്ങളിലായി 1,369 പേരും തിരിച്ചുപോയി. ബാക്കിയുള്ളവർ പോകാൻ വിസമ്മതിച്ചു. അവിടെ പോയാൽ വീണ്ടും അക്രമം നേരിടേണ്ടിവരുമെന്ന ഭീതിയായിരുന്നു കാരണം. തിരിച്ചുപോകാൻ താത്പര്യമില്ലാത്തവർക്ക് ത്രിപുരയിൽ തുടരാൻ നിയമ പരിരക്ഷ വേണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഇതോടെ, കേന്ദ്ര, ത്രിപുര, മിസോറം സർക്കാരുകളും ബ്രൂ വംശജരും വീണ്ടും ചർച്ചകൾ തുടങ്ങി.
ത്രിപുര മോഡൽ
തങ്ങളെ ത്രിപുരവാസികളായി സംസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന ബ്രൂ വംശജരുടെ ആവശ്യം 2020ൽ അംഗീകരിക്കപ്പെട്ടു. കേന്ദ്ര സർക്കാർ, മിസോറാം സർക്കാർ, ത്രിപുര സർക്കാർ, ബ്രൂ റിയാംഗ് വിഭാഗത്തിന്റെ പ്രതിനിധികൾ എന്നിവരാണ് കരാറിലൊപ്പിട്ടത്. ബ്രൂ വംശജരുടെ അതിജീവനത്തിന് 600 കോടിയും കേന്ദ്രം ത്രിപുര സർക്കാരിന് അനുവദിച്ചു. അഭയാത്ഥി ക്യാമ്പിലെ ഓരോ കുടുംബത്തിനും ത്രിപുരയിൽ വീടുവച്ച് താമസിക്കാം. സ്ഥലം ത്രിപുര സർക്കാർ നൽകും.
ഓരോ കുടുംബത്തിനും നാലുലക്ഷം രൂപ സ്ഥിരനിക്ഷേപം സർക്കാർ സഹായമായി നൽകും. ഇത് രണ്ട് വർഷത്തിന് ശേഷമേ പിൻവലിക്കാനാകൂ. ഓരോ കുടുംബത്തിനും രണ്ടുവർഷത്തേക്ക് മാസം 5,000 രൂപയും നൽകും. വീട് വയ്ക്കുന്നതിനും സർക്കാർ സഹായമുണ്ട്, ഒന്നരലക്ഷം രൂപ. ത്രിപുരയിൽ അവിടത്തുകാരായി തന്നെ ഇവർക്ക് ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോകാം. തദ്ദേശീയരായവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾക്കും ഇനി ഇവർ അർഹരാകും.
ത്രിപുരയിലും പുകയുന്നുണ്ട്
ബ്രൂ വംശജർ, കേന്ദ്രം, ത്രിപുര മിസോറാം സർക്കാർ തുടങ്ങി എല്ലാവരും സന്ധിയിലെത്തിച്ചേർന്നെങ്കിലും ബ്രൂ വംശജരെ അംഗീകരിക്കാത്ത ചില കൂട്ടരുമുണ്ട് ത്രിപുരയിൽ. ബ്രൂ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ കഴിഞ്ഞ സെപ്‌തംബറിൽ ത്രിപുരയിൽ വൻപ്രതിഷേധം അരങ്ങേറിയിരുന്നു. പ്രതിഷേധത്തിൽ ഒരാൾ മരിക്കുകയും ചെയ്തു. എങ്കിലും സേനയെ ഇറക്കി ക്രമസമാധാനം വീണ്ടെടുക്കുകയാണ് അധികൃതർ നിലവിൽ ചെയ്യുന്നത്.