
ന്യൂഡൽഹി : കൊവിഡ് പശ്ചാത്തലത്തിൽ ബഡ്ജറ്റ് തയ്യാറാക്കാൻ പേപ്പർ ഒഴിവാക്കിയതും ഇന്ത്യയിൽ നിർമ്മിച്ച ടാബിൽ ധനമന്ത്രി നിർമ്മല സീതാരാമൻ 2021ലെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചതും ചരിത്രമായി.
2019ൽ അശോക സ്തംഭം ആലേഖനം ചെയ്ത പട്ടിൽ പൊതിഞ്ഞ, പഴയകാലത്തെ 'ബഹി ഖാത' ( ലെഡ്ജർ ) പോലെയാണ് നിർമ്മല ബഡ്ജറ്റ് കൊണ്ടുവന്നത് . ഇത്തവണ ബഹി ഖാതയിൽ പേപ്പറിന് പകരം ടാബായെന്ന് മാത്രം. ബഡ്ജറ്റ് ബുക്കിന് പകരം ആപ്പിലൂടെയാണ് എം.പിമാർക്ക് ബഡ്ജറ്റ് നൽകിയത്. 2014ൽ മോദി സർക്കാർ വന്നതു മുതൽ ബഡ്ജറ്റ് ബുക്കിന്റെ എണ്ണം കുറച്ചിട്ടുണ്ട്. കുറേ വർഷങ്ങളായി മാദ്ധ്യമങ്ങളെപ്പോലും ഒഴിവാക്കി എം.പിമാർക്ക് മാത്രമാണ് ബഡ്ജറ്റ് ബുക്ക് കൊടുത്തിരുന്നത്. ബജറ്റ് ബുക്ക് പെട്ടിയിലാക്കുന്ന പതിവ് ബ്രിട്ടന്റേതാണ്. ബ്രിട്ടനിൽ ധനമന്ത്രിയായിരുന്ന വില്യം ഈവർട് ഗ്ളാഡ്സ്റ്റൻ 1860ലെ ബജറ്റ് തയാറാക്കിയപ്പോൾ പേജുകൾ കൂടിയതിനാൽ കൈയിൽ ഒതുങ്ങിയില്ല. അതോടെ ഒരു തടിപ്പെട്ടി തരപ്പെടുത്തി. അതിന് 'ഗ്ളാഡ്സ്റ്റൻ പെട്ടി' എന്ന പേരും വീണു. പിന്നാലെ വന്ന ധന മന്ത്രിമാരും പെട്ടി വിട്ടില്ല.