
ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്‌ജറ്റ് ദിനത്തിൽ അണിയാനായി തിരഞ്ഞെടുത്തത് ബംഗാളി സ്ത്രീകൾ ഉപയോഗിക്കുന്ന പരമ്പരാഗത ലാൽ പാഡ് സാരിയുടെ മാതൃകയിലുള്ള പോച്ചമ്പള്ളി സാരി. വെള്ള നിറത്തിൽ ചുവപ്പും സ്വർണ നിറവും ബോർഡറോട് കൂടിയ ലാൽ പാഡ് എന്നറിയപ്പെടുന്ന തനത് സാരിയാണ് ബാംഗാളി സ്ത്രീകൾ ദുർഗാപൂജ അടക്കമുള്ള ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇതേ മാതൃകയിൽ ഇക്താ ഡിസൈനും പച്ചക്കരയും കൂടി ഉൾപ്പെടുത്തിയുള്ള പോച്ചമ്പള്ളി സിൽക്ക് സാരിയും ചുവന്ന ബ്ലൗസുമാണ് നിർമ്മല സീതാരാമൻ ബഡ്ജറ്റിനെത്തിയപ്പോൾ അണിഞ്ഞത്. ഒപ്പം സ്ഥിരം അണിയാറുള്ള ലളിതമായ സ്വർണാഭരണങ്ങളും.
സ്വദേശിവാദം മുന്നോട്ട് വയ്ക്കാറുള്ള നിർമ്മല പൊതുവേ ഹാൻലൂം സാരികളോട് പ്രിയം കാണിക്കാറുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ബംഗാളിനെ ലക്ഷ്യംവച്ചാണ് വേഷത്തിൽ ബംഗാളി ടച്ച് കൊണ്ടുവന്നതെന്നാണ് നിരീക്ഷണം. ബംഗാളിന്റെ വികാരമായ രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരിയും ബഡ്ജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ സിൽക്ക് നഗരം എന്നറിയപ്പെടുന്ന തെലുങ്കാനയിലെ ഭൂദാൻ പോച്ചമ്പള്ളിയാണ് പോച്ചമ്പള്ളി സിൽക്ക് സാരിയുടെ ജന്മദേശം. ജാർഖണ്ഡിലെ സ്ത്രീകളും പ്രത്യേക അവസരങ്ങളിൽ വിശ്വാസത്തിന്റെ ഭാഗമായി ലാൽ പാഡ് സാരി ധരിക്കാറുണ്ട്.