
പി.എം ആത്മനിർഭർ സ്വാസ്ഥ്യ ഭാരത് യോജന : 64,180 കോടി
ന്യൂഡൽഹി: ആരോഗ്യമേഖലയ്‌ക്ക് 2,23,846 കോടി വകയിരുത്തിയ ബഡ്ജറ്റ് പ്രഖ്യാപനങ്ങളിൽ പ്രധാനമാണ് പി.എം ആത്മനിർഭർ സ്വാസ്ഥ്യ ഭാരത് യോജന എന്ന പുതിയ ആരോഗ്യ പദ്ധതി. നിലവിലുള്ള ദേശീയ ആരോഗ്യമിഷന് പുറമേ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതിക്ക് ആറു വർഷത്തേക്ക് 64,180 കോടിയിലധികം രൂപയാണ് വിഹിതം. നടപ്പ് സാമ്പത്തിക വർഷം ആരോഗ്യ മേഖലയുടെ മൊത്തം വിഹിതം 94,452 കോടിയായിരുന്നു. ഇത്തവണ കൊവിഡ് വാക്സിന് 3,500 കോടിയും വകയിരുത്തി.
പ്രാഥമികാരോഗ്യ കേന്ദ്രം മുതലുള്ള ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്താനും കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കാനുമാണ് പി.എം ആത്മനിർഭർ സ്വാസ്ഥ്യ ഭാരത് യോജന. അതിന്റെ ലക്ഷ്യങ്ങൾ:
- 7,788 ഗ്രാമീണ, 11,024 നഗര ആരോഗ്യ-കേന്ദ്രങ്ങൾക്ക് സഹായം
- എല്ലാ ജില്ലകളിലും സംയോജിത പൊതുജനാരോഗ്യ ലാബുകൾ
- 11 സംസ്ഥാനങ്ങളിൽ 3382 ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റുകൾ
- 602 ജില്ലകളിലും 12 കേന്ദ്ര സ്ഥാപനങ്ങളിലും ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ ബ്ലോക്കുകൾ
- എൻ.സി.ഡി.സിയുടെ അഞ്ച് പ്രാദേശിക ശാഖകളും 20
മെട്രോപൊളിറ്റൻ ആരോഗ്യ നിരീക്ഷണ യൂണിറ്റുകളും ശക്തിപ്പെടുത്തും
- എല്ലാ പൊതുജനാരോഗ്യ ലാബുകളെയും ബന്ധിപ്പിക്കുന്ന പോർട്ടൽ
- 32 വിമാനത്താവളങ്ങളിലും 11 തുറമുഖങ്ങളിലുമായി 17 പുതിയ പൊതുജനാരോഗ്യ യൂണിറ്റുകൾ
- 15അടിയന്തര ശസ്ത്രക്രിയ കേന്ദ്രങ്ങൾ
- രണ്ട് മൊബൈൽ ആശുപത്രികൾ
-112 ജില്ലകളിൽ പോഷകാഹാരം ഉറപ്പാക്കാൻ മിഷൻ പോഷൺ 2.0
- ന്യൂമോണിയ,മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്ക് ഫലപ്രദമായ
ന്യൂമോകോക്കൽ വാക്‌സിൻ രാജ്യവ്യാപകമാക്കും
- നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഫോർ വൺ ഹെൽത്ത്
- ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പശ്ചിമേഷ്യൻ
മേഖലയ്ക്കായി ഗവേഷണ സ്ഥാപനം
-ഒൻപത് ബയോ സേഫ്റ്റി ലബോറട്ടറികൾ
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈറോളജിയുടെ നാല് പുതിയ മേഖലാ കേന്ദ്രങ്ങൾ