
ന്യൂഡൽഹി:കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ കാർഷിക, ഗ്രാമീണ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള കൂടുതൽ നടപടികൾ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചു. കാർഷിക വായ്പാ പരിധി 16.5 ലക്ഷം കോടിയായി ഉയർത്തി. മൃഗസംരക്ഷണം, ക്ഷീര, മത്സ്യബന്ധന മേഖലകൾക്കും ഉയർന്ന വായ്പ ലഭ്യമാക്കും.
കാർഷിക അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്താൻ
പെട്രോളിന് ലിറ്ററിന് രണ്ടര രൂപയും ഡീസലിന് നാലു രൂപയും കാർഷിക സെസ് ഏർപ്പെടുത്തി. അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടിയിലും സ്‌പെഷ്യൽ അഡിഷണൽ എക്‌സൈസ് ഡ്യൂട്ടിയിലും കുറവ് വരുത്തിയതിനാൽ ഇന്ധന വില വർദ്ധിക്കില്ലെന്ന് ധനമന്ത്രി അറിയിച്ചു. പെട്രോളിന് 1.4 രൂപയും ഡീസലിന് 1.8 രൂപയുമാണ് അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടി. സ്‌പെഷ്യൽ അഡിഷണൽ എക്‌സൈസ് ഡ്യൂട്ടി പെട്രോളിന് 11 രൂപയും, ഡീസലിന് എട്ട് രൂപയുമായണ്. ബ്രാൻഡഡ് പെട്രോളിനും ഡീസലിനും സമാനമായ മാറ്റം വരുത്തി.
എല്ലാ കാർഷികോത്പന്നങ്ങൾക്കും ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില ഉറപ്പാക്കിയെന്നും കർഷകരുടെ വരുമാനം വർദ്ധിക്കാൻ ഇത് സഹായിച്ചെന്നും ധനമന്ത്രി പറഞ്ഞു.
- ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയ്ക്കു പുറമെ മൂല്യവർദ്ധിത-അനുബന്ധ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള 'ഓപ്പറേഷൻ ഗ്രീൻ പദ്ധതി'യിൽ 22 ഉല്പന്നങ്ങൾ കൂടി.
- കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ട് കാർഷികോല്പന്ന കമ്പോള സമിതിക്കും ലഭ്യമാക്കും
-ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി വിഹിതം 40,000 കോടിയായി വർദ്ധിപ്പിച്ചു
- നബാർഡിന്റെ സൂക്ഷ്മ ജലസേചന നിധിയിലേക്ക് അധികമായി 5000 കോടി
- ഇ-നാം പദ്ധതിയിൽ ആയിരം ചന്തകൾ കൂടി.
- നദികൾക്കും ജലാശയങ്ങൾക്കും സമീപം ഉൾനാടൻ മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാൻഡിംഗ് സെന്ററുകളും.
- കടൽപ്പായൽ കൃഷി പ്രോത്സാഹിപ്പിക്കാൻ തമിഴ്നാട്ടിൽ പാർക്ക്.
- ചെറുകിട-ഇടത്തരം മേഖലയുടെ വിഹിതം 15,700 കോടി.
-സ്റ്റാൻഡപ്പ് ഇന്ത്യയിൽ പട്ടികജാതി-പട്ടികവർഗ-വനിത വിഭാഗങ്ങൾക്ക് വായ്പയ്ക്കുള്ള മാർജിൻ 25 ൽ നിന്ന് 15 ശതമാനമാക്കി കുറച്ചു.