
ന്യൂഡൽഹി: മാതാപിതാക്കൾ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന തന്റെ യോഗാശിക്ഷ്യ കൂടിയായ ആത്മസഖിയെ മോചിപ്പിച്ച് തനിക്കൊപ്പം അയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആത്മീയഗുരുവിന്റെ ഹർജി സുപ്രീംകോടതി തള്ളി. മാതാപിതാക്കൾക്കൊപ്പം നിൽക്കുന്ന പെൺകുട്ടി അനധികൃതമായി തടങ്കലിലാണെന്ന ആരോപണം അംഗീകരിക്കാനാകില്ലെന്ന് നീരീക്ഷിച്ച ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ ഉൾപ്പെട്ട ബെഞ്ച് ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി നിരസിച്ചതിനെത്തുടർന്നാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. 21 കാരിയായ തന്റെ ആത്മസഖിയെ 2020 ഒക്ടോബർ 26ന് തന്റെ അടുത്ത് നിന്ന് മാതാപിതാക്കൾ പിടിച്ച് കൊണ്ടു പോയി തടവിലാക്കായിരിക്കുകയാണെന്നും കുട്ടിയെ വിട്ടുതരണമെന്നുമാണ് ഇയാൾ ഹർജിയിലൂടെ ആവശ്യപ്പെട്ടത്.