
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ആറിന് റോഡ് തടയൽ സമരം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ എല്ലാ ദേശീയ, സംസ്ഥാന പാതകളിലും കർഷകർ റോഡ് തടയും.
അതിനിടെ കർഷക സമരം ഉയർത്തി പാർലമെന്റിലും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ കാർഷിക നിയമങ്ങൾ സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, കോൺഗ്രസ് എം.പി ദീപേന്ദർ ഹൂഡ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
ഇന്നലെ ബഡ്ജറ്റ് ദിനത്തിൽ കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് നിരവധി റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരുന്നു. ശക്തമായ സന്നാഹവും ഒരുക്കിയിരുന്നു.
അതേസമയം, റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാർക്ക് ഡൽഹി പൊലീസ് ധനസഹായം പ്രഖ്യാപിച്ചു. അതീവഗുരുതരമായി പരിക്കേറ്റവർക്ക് 25000 രൂപയും മറ്റ് ഗുരുതര പരിക്കുള്ളവർക്ക് പതിനായിരം രൂപയുമാണ് ധനസഹായം നൽകുക. സംഘർഷത്തിൽ 394 പൊലീസുകാർക്ക് പരിക്കേറ്റതായാണ് കണക്ക്. 30 പൊലീസ് വാഹനങ്ങൾ തകർക്കപ്പെട്ടിരുന്നു.
44 കേസുകളിൽ 122 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധിക്കുന്നവരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നുവെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും സുതാര്യവും സത്യസന്ധവുമായാണ് അന്വേഷണം നടക്കുന്നതെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷങ്ങൾക്ക് ശേഷം നൂറിലേറെ പേരെ കാണാതായെന്നാണ് സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറയുന്നത്.
സിംഘുവിലെ കർഷസമരകേന്ദ്രത്തിൽ നിന്ന് അറസ്റ്റിലായ ഫീലാൻസ് മാദ്ധ്യമപ്രവർത്തകൻ മൻദീപ് പുനിയയുടെ ജാമ്യാപേക്ഷ ഇന്ന് ഡൽഹി കോടതി പരിഗണിക്കും.