sc

ന്യൂഡൽഹി:യു.എ.പി.എ കേസുകളിൽ വിചാരണ വൈകിയാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി.

തൊടുപുഴ കൈവെട്ട് കേസിലെ വിചാരണത്തടവുകാരനായ പ്രതി കെ.എ. നജീബിന് കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം ചോദ്യംചെയ്തുള്ള എൻ.ഐ.എയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി വിധി.

വിചാരണയുടെ പേരിൽ പ്രതികളെ വർഷങ്ങളോളം ജയിലിലിടാനാകില്ലെന്ന് ജസ്റ്റിസ് എൻ. വി. രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. വിചാരണ വൈകിപ്പിച്ച് ജാമ്യം നിഷേധിക്കുന്നത് പ്രതിയുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. അതുകൊണ്ട് അഞ്ച് വർഷത്തിലധികമായി ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നൽകിയ കേരള ഹൈക്കോടതി വിധി നിലനിൽക്കുന്നതാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവർ കൂടി അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പ്രവാചകനെ നിന്ദിക്കുന്ന പരാമർശങ്ങളുള്ള ചോദ്യപേപ്പർ തയാറാക്കിയെന്ന് ആരോപിച്ച് കെ.എ. നജീബ് ഉൾപ്പെടുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ, 2010 ലാണ് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈവെട്ടിയത്.