
ന്യൂഡൽഹി: കർഷക സമരത്തെത്തുടർന്ന് സഭ നിറുത്തിവച്ച് കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ഇരുസഭകളും പലതവണ നിറുത്തിവച്ചശേഷം ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയിൽ കോൺഗ്രസ്, തൃണമൂൽ, ഇടത് പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വാക്കൗട്ട് നടത്തി. പ്രതിപക്ഷം ഒരുക്കമാണെങ്കിൽ സഭയ്ക്ക് അകത്തും പുറത്തും കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ലോക്‌സഭയിൽ പറഞ്ഞു. പാർലമെന്റ് സുഗമമായി സമ്മേളിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്,ഇടത് എം.പിമാരായ എളമരം കരീം, ബിനോയ് വിശ്വം എന്നിവർ രാജ്യസഭ നിറുത്തിവച്ച് കാർഷിക നിയമങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ലോക്‌സഭയിൽ ഇതേ ആവശ്യമുന്നയിച്ച് കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, സി.പി.എം നേതാവ് എ.എം ആരിഫ് തുടങ്ങിയവർ നോട്ടീസ് നൽകി. പ്രതിപക്ഷ ആവശ്യം രാജ്യസഭയിൽ ചെയർമാൻ വെങ്കയ്യനായിഡു തള്ളി. തുടർന്ന് പ്രതിപക്ഷം പ്രതിഷേധമുയർത്തി. ആദ്യം 10.30 വരെയും പിന്നീട് 11.30 വരെയും സഭനിറുത്തിവച്ചു. 11.30ന് വീണ്ടും ചേർന്നപ്പോൾ പ്രതിപക്ഷ എം.പിമാർ നടുത്തളത്തിലിറങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സീറ്റിലേക്ക് മടങ്ങണമെന്ന ഡെപ്യൂട്ടിചെയർമാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടർന്നു. തുടർന്ന് 12.30ഓടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഉച്ചയ്ക്ക് ലോക്‌സഭ സമ്മേളിച്ചയുടൻ കോൺഗ്രസ്, ഡി.എം.കെ, ബി.എസ്.പി, ആംആദ്മി, തൃണമൂൽ, ഇടത് എം.പിമാർ മുദ്രാവാക്യങ്ങളുമായി പ്രതിഷേധമുയർത്തി. നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാരായ ഗുർജീത് സിംഹ് ഓജ്ല, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ജ്യോതിമണി തുടങ്ങിയവർ നടുത്തളത്തിലിറങ്ങി. ലോക്‌സഭ രണ്ടുതവണ നിറുത്തിവച്ചശേഷം ഇന്നത്തേക്ക് പിരിഞ്ഞു.
അറസ്റ്റിലായവരെ വിട്ടയയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന് കിസാൻ മോർച്ച
ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ കൂടുതൽ ബാരിക്കേഡുകളും മുള്ളുകമ്പികളുമുയർത്തി കേന്ദ്രം പ്രതിരോധിക്കുമ്പോൾ ഒരിഞ്ച് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കർഷകസംഘടനകൾ. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളുടെ മറവിൽ നിയമവിരുദ്ധമായി പൊലീസ് അറസ്റ്റ്ചെയ്ത 122 പേരെ വിട്ടയയ്ക്കാതെ ഇനിയൊരു ചർച്ചയ്ക്കുമില്ലെന്നും കിസാൻ മോർച്ച അറിയിച്ചു. ഫെബ്രുവരി ആറിന് രാജ്യവ്യാപകമായ ഹൈവേകൾ ഉപരോധിച്ചുള്ള സമരം ശക്തമാക്കാനും തീരുമാനിച്ചു. ഒക്ടോബർ വരെ സമരം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. അതേസമയം ഗാസിപ്പുർ, തിക്രി, സിംഘു സമരകേന്ദ്രങ്ങൾക്ക് മുന്നിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. റോഡിൽ ആണികൾ സ്ഥാപിച്ചും കൂടുതൽ ബാരിക്കേഡുകളും ഉയർത്തിയും വൻ സന്നാഹമാണ് സമരത്തെ നേരിടാൻ പൊലീസ് ഒരുക്കിയിരിക്കുന്നത്. ബാരിക്കേഡുകൾക്ക് മുന്നിൽ മുള്ളുവേലികളും സ്ഥാപിച്ചിട്ടുണ്ട്. കർഷകരെ നിരീക്ഷിക്കാനായി ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. ഒഴിപ്പിക്കൽ ശ്രമം പരാജയപ്പെട്ട ഗാസിപ്പുരിൽ ദ്രുതകർമ്മസേനെയെ കൂടാതെ യു.പിയിലെ സായുധ പൊലീസ് വിഭാഗമായ പി.എ.സിയെയും നിലയുറിപ്പിച്ചിട്ടുണ്ട്.
അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്തവരും
റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട 122 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ 120 പേരുടെ പട്ടിക ഡൽഹി പൊലീസ് പുറത്തുവിട്ടു. ഇതിൽ ആറ് പേർ 80 ന് മുകളിൽ പ്രായമുള്ളവരാണ്. 2 പേർക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേര് പുറത്തുവിട്ടിട്ടില്ല. കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി കൂട്ടം ചേരൽ, കൊലപാതകശ്രമം, കൊള്ള, ഔദ്യോഗിക കൃത്യനിർവഹണം തടയൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കാണാതായ കർഷകരെ കണ്ടെത്തൽ, അറസ്റ്റിലായവരുടെ കേസുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയവയ്ക്കായി അഭിഭാഷകൻ പ്രേംസിംഗ് ബാംഗുവിന്റെ നേതൃത്വത്തിൽ നിയമസഹായ സംഘം സംയുക്ത കിസാൻമോർച്ച രൂപീകരിച്ചു. അതേസമയം ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.