
ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദമായ പൗരത്വഭേദഗതി നിയമം ഉടൻ നടപ്പാക്കില്ല. 2019 ഡിസംബറിൽ പാസാക്കിയ നിയമത്തിന്റെ ചട്ടങ്ങൾ തയാറാക്കുന്നത് പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദറായ് ലോക്സഭയെ രേഖാമൂലം അറിയിച്ചു.ചട്ടങ്ങൾ രൂപീകരിക്കുന്നതിനുള്ള സമയപരിധി രാജ്യസഭയിലെ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ഏപ്രിൽ 9 വരെയും ലോക്‌സഭയിൽ ജൂലായ് 9 വരെയും നീട്ടി നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് എം.പി വി.കെ ശ്രീകണ്ഠന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് കാരണമാണ് പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നത് വൈകിയതെന്നും കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചശേഷം നിയമം നടപ്പാക്കുമെന്നും
കേരളം, അസാം, ബംഗാൾ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ
ഇക്കഴിഞ്ഞ ഡിസംബറിൽ അമിത് ഷാ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പൗരത്വഭേദഗതി നിയമം ഉടൻ നടപ്പാക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന ചോദ്യം വി.കെ. ശ്രീകണ്ഠൻ ഉന്നയിച്ചത്.
നിയമം നിലവിൽവന്ന് ആറുമാസത്തിനുള്ളിൽ ചട്ടങ്ങളും നിയമാവലികളും രൂപീകരിക്കണമെന്നതാണ് പാർലമെന്ററി ചട്ടം. ഏതെങ്കിലും സാഹചര്യത്തിൽ ഇത് വൈകുകയാണെങ്കിൽ സമയം നീട്ടി നൽകാൻ പാർലമെന്റിന്റെ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റിയുടെ അനുമതി വാങ്ങണം.
2019 ഡിസംബർ 12ന് പാർലമെന്റ് പാസാക്കിയ നിയമം കഴിഞ്ഞവർഷം ജനുവരി 10നാണ് നിലവിൽ വന്നത്.