farmers-protest

ന്യൂഡൽഹി : റിപ്പബ്ലിക്​ ദിനത്തിൽ കർഷകർ നടത്തിയ ട്രാക്​ടർ പരേഡിനിടെയുണ്ടായ സംഘർഷങ്ങളിൽ ജുഡിഷ്യൽ അന്വേഷണം അടക്കം ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹർജികളിൽ ഇട​പെടാതെ സുപ്രീംകോടതി.''സർക്കാർ അന്വേഷണം നടത്തുന്നുണ്ടെന്ന കാര്യത്തിൽ ഉറപ്പുണ്ട്​. നിയമം നിയമത്തിന്റെ വഴിക്ക്​ നീങ്ങുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്​താവന പുറത്ത്​ വന്നിട്ടുണ്ട്​. ഈയൊരു സാഹചര്യത്തിൽ കേസിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന്​'' ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്​ഡേ പറഞ്ഞു. ഇക്കാര്യത്തിൽ നിലവിൽ അന്വേഷണം നടത്തുന്ന വിവിധ സർക്കാർ മന്ത്രാലയങ്ങളെ സമീപിക്കാനും ഹർജിക്കാരോട്​ എ.എസ്​ ബൊപ്പണ്ണ, വി.രാമസുബ്രമണ്യം എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. സംഘർഷത്തെക്കുറിച്ച്​ അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ നിയോഗിക്കണമെന്നുള്ള അഭിഭാഷകനായ വിശാൽ തിവാരിയുടെ ​ ഹർജി, പ്രതിഷേധങ്ങൾക്കിടെ സാധാരണ ജനങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നുള്ള മറ്റൊരു പൊതുതാൽപര്യ ഹർജി തുടങ്ങിയവ കോടതി തള്ളി.

ഇതിനിടെ ട്രാക്റ്റർ റാലി നടന്ന ദിവസം ഡൽഹി - എൻ.സി.ആർ. മേഖലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ച പൊലീസ് നടപടിയിൽ സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് 140 അഭിഭാഷകർ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് കത്തെഴുതി. ഇത് കൂടാതെ, ഡൽഹി അതിർത്തികളിൽ സമര ചെയ്യുന്ന കർഷകർക്ക് സുരക്ഷയൊരുക്കണമെന്നും സിക്ക് വിഭാഗത്തെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന പ്രവണതയ്ക്കെതിരെ നടപടിയെടുക്കണെന്നും ആവശ്യപ്പെട്ട് അഭിഭാഷകരായ സൻപ്രീത് സിംഗ് അജ്മാനി, പുഷ്പിന്ദർ സിംഗ് എന്നിവർ ഹ‌ർജി നൽകി.