
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി മുസ്ളിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവച്ചു.
മുസ്ലിംലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ് , തമിഴ്നാട്ടിൽ നിന്നുള്ള നവാസ് കനി എന്നിവർക്കൊപ്പം ഇന്നലെ വൈകിട്ട് ലോക്‌സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജി സമർപ്പിച്ചത്. ഇ. അഹമ്മദ് അന്തരിച്ചതിനെത്തുടർന്ന് 2017ലാണ് കുഞ്ഞാലിക്കുട്ടി വേങ്ങര എം.എൽ.എ സ്ഥാനം രാജിവച്ച് മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത്. 2019ൽ എസ്.എഫ്.ഐ നേതാവ് വി.പി. സാനുവിനെ രണ്ടു ലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തി വീണ്ടും ലോക്സഭയിലെത്തി.
നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുക്കാനും, കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെച്ചൊല്ലി പാർട്ടിയിലുള്ള ഭിന്നസ്വരങ്ങൾക്ക് വിരാമമിടാനും മുസ്ലിംലീഗ് നേതൃത്വം നൽകിയ നിർദ്ദേശത്തെ തുടർന്നാണ് എം.പി സ്ഥാനത്ത് നിന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ രാജി.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള തീരുമാനത്തിന് പിന്നാലെ, പാർട്ടിക്കുള്ളിൽ നിന്നടക്കം ഉയർന്ന വിമർശനങ്ങൾ തണുത്തിട്ടില്ല. രാജിവച്ച് വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന സന്ദേശം ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിക്ക് നൽകിയിരുന്നു. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ പ്രചാരണത്തിനെത്തുകയും, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മന്ത്രിയായ ശേഷം ഉപതിരഞ്ഞെടുപ്പിലൂടെ വിജയിക്കുകയുമായിരുന്നു കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ പദ്ധതി. എന്നാൽ, ഇതിന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വഴങ്ങിയില്ല. മലപ്പുറത്തോ വേങ്ങരയിലോ നിന്നാവും കുഞ്ഞാലിക്കുട്ടി മത്സരിക്കുക.